സുപ്രീംകോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് വി.എസ്.സുനില്‍ കുമാര്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശ്രീകോവില്‍ അടച്ചിട്ട് ശുദ്ധിക്രിയ നടത്താന്‍ ക്ഷേത്രം തന്ത്രിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ . സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാകാത്ത തന്ത്രിയെ സ്ഥാനത്ത് നിന്നും ഉടന്‍ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ മന്ത്രിസഭയ്ക്ക് ഏക അഭിപ്രായമാണുള്ളത്. തന്ത്രി നടത്തുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ഇക്കാര്യത്തില്‍ മന്ത്രിസഭ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ശ്രീകോവില്‍ അടച്ചിട്ട് ശുദ്ധിക്രിയ നടത്തിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. തന്ത്രി നടത്തിയത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ കേസ് നല്‍കുമെന്നും ചില അഭിഭാഷകരും അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ സുപ്രീം കോടതി ഇക്കാര്യത്തില്‍ വാദം കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. അതേസമയം, ബോര്‍ഡുമായി ആലോചിക്കാതെ ശ്രീകോവില്‍ അടച്ചിട്ടതിന് വിശദീകരണം തേടുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതരും അറിയിച്ചിട്ടുണ്ട്. എന്നാല്‍ തന്ത്രിക്കെതിരെ ഗുരുതരമായ നടപടികളിലേക്ക് കടക്കില്ലെന്നും വിശദീകരണം തേടുന്നതില്‍ ഒതുക്കുമെന്നുമാണ് വിവരം.

prp

Related posts

Leave a Reply

*