പണിമുടക്ക് ദിവസം ട്രെയിന്‍ തടഞ്ഞവര്‍ക്ക് കേന്ദ്രത്തിന്‍റെ മുട്ടന്‍പണി

കണ്ണൂര്‍: ദേശീയ പണിമുടക്ക് ദിവസം ട്രെയിന്‍ തടഞ്ഞതിനാല്‍ റെയില്‍വേക്കുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കാനുള്ള നടപടി തുടങ്ങി. ആര്‍.പി.എഫ് ആണ് കേസെടുത്തത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 32 കേസുകളാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 32 കേസുകളിലായി നേതാക്കള്‍ ഉള്‍പ്പെടെ ആയിരത്തോളം സമരക്കാരാണ് പ്രതിപട്ടികയിലുള്ളത്.

നാല് വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. അനധികൃതമായി സ്റ്റേഷനില്‍ പ്രവേശിച്ചു, യാത്രക്കാര്‍ക്ക് തടസം നിന്നു, റെയില്‍വേ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടഞ്ഞു തുടങ്ങിയ വകുപ്പുകളാണ് ചേര്‍ത്തിട്ടുള്ളത്. റെയില്‍വേ അധികൃതര്‍ എടുത്ത ഫോട്ടോകളില്‍നിന്നും വീഡിയോ ദൃശ്യങ്ങള്‍ നോക്കിയുമാണ് സമരക്കാരെ തിരിച്ചറിയുന്നത്. രണ്ട് വര്‍ഷം തടവും 2000 രൂപ പിഴയും ലഭിക്കുന്ന വകുപ്പുകളാണ് സമരക്കാര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.

അതേസമയം, പൊതുപണിമുടക്കിനിടെ ജില്ലയില്‍ ട്രെയിനുകള്‍ തടഞ്ഞ സംഭവത്തില്‍ മുന്നൂറു പേര്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. എറണാകുളം നോര്‍ത്ത്,​ കളമശേരി,​ തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നടഞ്ഞ സംഭവത്തിലാണ് കേസ്. കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

പണിമുടക്കിന്‍റെ ആദ്യ ദിനം തൃപ്പൂണിത്തുറയില്‍ മാത്രമാണ് ട്രെയിന്‍ തടഞ്ഞത്. ഇവിടെ അമ്ബത് പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയിലാണ് തൃപ്പൂണിത്തുറയില്‍ തടഞ്ഞത്. കളമശേരിയില്‍ രാവിലെ 8ന് കോട്ടയം നിലമ്പൂര്‍ പസഞ്ചറും, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ 9.30ന് പാലരുവി എക്സ്പ്രസുമാണ് തടഞ്ഞത്. കളമശേരിയില്‍ ട്രെയിന്‍ തടഞ്ഞ സംഭവത്തില്‍ അമ്പത് പേര്‍ക്കെതിരെയും എറണാകുളം നോര്‍ത്തില്‍ 200 പേര്‍ക്കെതിരെയുമാണ് കേസ് എടുത്തിട്ടുള്ളത്. ആലുവയില്‍ ട്രെയിന്‍ തടയുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തി പ്രവര്‍ത്തകര്‍ പിരിഞ്ഞു.

പ്രതികള്‍ക്ക് ഉടന്‍ നോട്ടീസ് അയച്ച്‌ തുടങ്ങുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. സ്റ്റേഷനിലേക്ക് വിളിച്ച്‌ വരുത്തിയാകും അറസ്റ്റ് രേഖപ്പെടുത്തുക. ശേഷം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. അതേസമം,​ നാല് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണെങ്കിലും സ്റ്റേഷന്‍ ജാമ്യം ലഭിക്കും.പൊതുപണിമുടക്കിന്‍റെ ഭാഗമായി ട്രെയിനുകള്‍ തടയുമെന്ന് സമരാനുകൂലികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതിനാല്‍ സമരാനുകൂലികളെ കുടുക്കാന്‍ റെയില്‍വേ പൊലീസ് മൊബൈല്‍ കാമറയുള്‍പ്പടെയുള്ള മുന്‍കരുതല്‍ എടുത്തിരുന്നു.

എക്സ്പ്രസ് ട്രെയിനുകള്‍ ഒരു നിമിഷം വൈകിയാല്‍ 400 രൂപയാണ് റെയില്‍വേക്ക് നഷ്ടമുണ്ടാകുക. ട്രെയിനുകള്‍ രണ്ട് ദിവസം വൈകിയതു മൂലമുള്ള ഭാരിച്ച നഷ്ടം വിലയിരുത്തി സമരക്കാരില്‍ നിന്നും പിഴയായി ഈടാക്കാനാണ് നീക്കം. എന്നാല്‍,​ ഇത്തരം കേസുകള്‍ തീര്‍പ്പാക്കുന്ന കാര്യത്തില്‍ കാലതാമസം നേരിടാറുണ്ട്.

prp

Related posts

Leave a Reply

*