ഐ.എസ്. ആര്‍.ഒ ചാരക്കേസ്; നിയമപോരാട്ടം നടത്തുമെന്ന് ഫൗസിയ ഹസന്‍

തിരുവനന്തപുരം: ഐ.എസ്. ആര്‍.ഒ ചാരക്കേസില്‍ നിയമ പോരാട്ടം നടത്തുമെന്ന് മാലി സ്വദേശിനിയായ മറിയം റഷീദയ്ക്കൊപ്പം പ്രതിചേർക്കപ്പെട്ട ഫൗസിയ ഹസന്‍. നമ്പി നാരായണന് നീതി കിട്ടിയത് പ്രതീക്ഷ നല്‍കുന്നു. കേസിന് പിന്നില്‍ രാഷ്ട്രീയമുണ്ടായിരുന്നു. ചാരക്കേസിന് പിന്നില്‍  പൊലീസ് ഉദ്യോഗസ്ഥനായ എസ്.വിജയനാണെന്നും ഫൗസിയ ഹസന്‍ പറഞ്ഞു.

താനും മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നു. തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. രണ്ട് പേർക്കും കേരള സർക്കാർ നഷ്ടപരിഹാരം നൽകണം. ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും. കേസിൽ സുപ്രീംകോടതിയിൽ നിന്ന് നീതി കിട്ടിയതിൽ പ്രതീക്ഷയുണ്ടെന്നും ഫൗസിയ ഹസന്‍  പറഞ്ഞു.

പൊലീസുദ്യോഗസ്ഥൻ എസ് വിജയനാണ് ചാരക്കേസിന് പിന്നിൽ. ഇതിന് കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ട്. നമ്പി നാരായണനെ തനിക്ക് പരിചയം പോലുമില്ലായിരുന്നു. സിബിഐ കസ്റ്റഡിയിൽ വച്ചാണ് ആദ്യം കാണുന്നത്. നമ്പി നാരായണൻ എന്ന പേര് പറയാൻ പോലും തനിയ്ക്ക് ബുദ്ധിമുട്ടായിരുന്നു – ഫൗസിയ ഹസന്‍ പറയുന്നു.

കരുണാകരനെയും നരസിംഹറാവുവിന്‍റെ മകനെയുമൊക്കെ കേസിലേക്ക് കൊണ്ടുവന്നതിൽ രാഷ്ട്രീയ അട്ടിമറിയ്ക്കുള്ള ലക്ഷ്യമുണ്ടെന്ന് ഫൗസിയ ഹസ്സൻ വെളിപ്പെടുത്തുന്നു. താനും മറിയം റഷീദയും ആയുധങ്ങളായി മാറുകയായിരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് നിയമപോരാട്ടം തുടരുകയെന്നും ഫൗസിയ വ്യക്തമാക്കി.

നമ്പി നാരായണന്‍റെ 22 വർഷം നീണ്ട നിയമപോരാട്ടത്തിൽ നിർണായകമായിരുന്നു കഴിഞ്ഞ സെപ്തംബർ 14 ന് വന്ന സുപ്രീംകോടതി വിധി. കൂട്ടുപ്രതികളെല്ലാം, കേസിൽ നിന്ന് രക്ഷപെട്ടതിൽ ആശ്വസിച്ചപ്പോഴാണ് നമ്പി നാരായാണൻ നിയമപോരാട്ടത്തിന് ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടത്.

prp

Related posts

Leave a Reply

*