അതിജീവിക്കാനൊരുങ്ങുന്ന കേരളത്തിന് പിന്തുണയുമായി നന്ദുവിന്‍റെ വാക്കുകള്‍

ക്യാന്‍സര്‍ എന്ന രോഗം തളര്‍ത്താന്‍ ശ്രമിച്ചിട്ടും പരാജയപ്പെടാതെ ജീവിതം തിരികെപ്പിടിച്ച നന്ദുവിനെ കേരളം പലകുറി അഭിനന്ദിച്ചതാണ്. പ്രളയത്തെ അതിജീവിക്കാനൊരുങ്ങുന്ന കേരളത്തിന് പിന്തുണയാകുകയാണ് നന്ദുവിന്‍റെ വാക്കുകള്‍

എന്‍റെ പ്രിയപ്പെട്ട ഇടത് കാല്‍ നഷ്ടപ്പെട്ടിട്ടും ഇതുവരെ ഒരു നിമിഷം പോലും എനിക്ക് അതോര്‍ത്ത് സങ്കടമോ വിഷമമോ തോന്നിയിട്ടില്ല. പക്ഷേ കഴിഞ്ഞ കുറേ ദിവസങ്ങള്‍ ഞാന്‍ നിസ്സഹായത എന്തെന്ന് മനസ്സിലാക്കി. ഓരോ നേരവും മഴ ആര്‍ത്ത് പെയ്യുമ്പോള്‍ എന്‍റെ മനസ്സില്‍ നിസ്സഹായത ആര്‍ത്ത് പെയ്തു.  നന്ദു ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

എന്‍റെ പ്രിയപ്പെട്ട ഇടത് കാല്‍ നഷ്ടപ്പെട്ടിട്ടും ഇതുവരെ ഒരു നിമിഷം പോലും എനിക്ക് അതോര്‍ത്ത് സങ്കടമോ വിഷമമോ തോന്നിയിട്ടില്ല. സ്വന്തമായി പരസഹായമില്ലാതെ എങ്ങോട്ടും പോകാന്‍ പറ്റാത്ത അവസ്ഥ ഓര്‍ത്ത് ഞാന്‍ നിരാശപ്പെട്ടിട്ടില്ല. ഇനി ഇങ്ങനെയാണ് എന്നും പരിമിതികളില്‍ തളരരുത് എന്നും എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയാണ് ഞാന്‍ ചെയ്തത്. പക്ഷേ കഴിഞ്ഞ കുറേ ദിവസങ്ങള്‍ ഞാന്‍ നിസ്സഹായത എന്തെന്ന് മനസ്സിലാക്കി.

ഓരോ നേരവും മഴ ആര്‍ത്ത് പെയ്യുമ്പോള്‍ എന്‍റെ മനസ്സില്‍ നിസ്സഹായത ആര്‍ത്ത് പെയ്തു. എനിക്ക് ഒന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ. സാധാരണ കീമോ കഴിഞ്ഞാല്‍ 4 ദിവസം കൊണ്ട് എന്റെ കൗണ്ട് നോര്‍മല്‍ ആകുന്നതാണ്. പക്ഷെ ഇപ്രാവശ്യം ഒരാഴ്ച കഴിഞ്ഞിട്ടും കൗണ്ട് നോര്‍മല്‍ ആയില്ല.

രക്ഷാപ്രവര്‍ത്തനം നടത്തി ഓടി നടക്കുന്ന ചങ്കുകളെ ഒക്കെ അസൂയയോടെ കണ്ട് വീട്ടിലിരിക്കുന്ന ആ നിസ്സഹായത ഒരു വല്ലാത്ത അവസ്ഥയാണ്. പക്ഷേ കുറച്ച്‌ പേര്‍ക്ക് എങ്കിലും ഭക്ഷണം എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഇനിയും ശ്രമിക്കും. പറ്റുന്നപോലെ ചെയ്യും. ഇന്ന് ചെങ്ങന്നൂര്‍ ക്യാമ്പില്‍ ഫ്രണ്ട്സ് എല്ലാവരും കൂടി 800 പേര്‍ക്ക് ഭക്ഷണം കൊടുത്തപ്പോള്‍ ഞങ്ങളുടെ ചെറിയൊരു സഹായമായി 400 പേര്‍ക്കുള്ള ഒരു നേരത്തെ അന്നം നല്‍കാന്‍ ഞങ്ങളുടെ കുഞ്ഞു സ്ഥാപനമായ കേരള ഫുഡ്‌സിന് കഴിഞ്ഞു.

ഒരു വലിയ മനസ്സുണ്ട്..പക്ഷെ അവസ്ഥ പരിമിതമായിപ്പോയി. എന്നാലും ഇപ്പൊ സന്തോഷമുണ്ട്. അണ്ണാറക്കണ്ണനും തന്നാലായത് എന്നാണല്ലോ. പിന്നെ ഒരു കാര്യം കൂടി പറയാനുണ്ട്. തിരുവനന്തപുരത്തുകാരെ മുഴുവന്‍ അവജ്ഞയോടെ കാണുന്ന ചിലരെങ്കിലും വടക്കോട്ട് ഉണ്ട്. അവരോട് ഒന്നേ പറയാനുള്ളൂ. ഞങ്ങളുടെ മനസ്സ് അറിയണമെങ്കില്‍ നിങ്ങള്‍ തിരുവനന്തപുരത്തെ ഒഴിഞ്ഞ കടകളിലേക്ക് നോക്കിയാല്‍ മതി.ഇപ്പോഴും മഴ പൊടിയുമ്പോള്‍ പിടയ്ക്കുന്ന ഹൃദയത്തോടെ വടക്കോട്ട് കുതിക്കുന്ന ഞങ്ങളുടെ നന്മ മനസ്സ് നിങ്ങള്‍ കാണാതെ പോകരുത്.

സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം നന്ദൂസ്

 

എന്റെ പ്രിയപ്പെട്ട ഇടത് കാൽ നഷ്ടപ്പെട്ടിട്ടും ഇതുവരെ ഒരു നിമിഷം പോലും എനിക്ക് അതോർത്ത് സങ്കടമോ വിഷമമോ…

Posted by Nandu Mahadeva on Monday, August 20, 2018

prp

Related posts

Leave a Reply

*