ശബരിമല: ഭക്ഷ്യധാന്യം ഉള്‍പ്പെടെ സന്നിധാനത്തെ കുറവ് നികത്താന്‍ ഹെലികോടപ്ടറില്‍ ഇന്നലെ എത്തിച്ചത് ശബരിമലയ്ക്ക് വേണ്ടാത്ത വസ്തുക്കള്‍. ബിസ്ക്കറ്റ്, കുപ്പിവെള്ളം എന്നിവയ്ക്കൊപ്പം എറിഞ്ഞു കൊടുത്ത പായ്ക്കറ്റുകളില്‍ വനിതകള്‍ക്കുള്ള നാപ്കിനും അടിവസ്ത്രങ്ങളും ഉള്‍പ്പെടുന്നു.
ബിസ്കറ്റും, വെള്ളവും വലിയ ഉയരത്തില്‍ നിന്ന് പതിച്ചതിനാല്‍ ഉപയോഗയോഗ്യമല്ലാതാവുകയും ചെയ്തു. ശബരിമലയിലെ ഭക്ഷ്യക്ഷാമത്തിന് പരിഹാരമില്ലെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരും, ജില്ലാ ഭരണകൂടവും ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
കഴിഞ്ഞ ദിവസം പമ്പാനദിയില്‍ യന്ത്രവത്കൃത വള്ളമിറക്കി അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള ശ്രമം കുത്തൊഴുക്ക് കാരണം വിജയിച്ചില്ല. ഇത് സംബന്ധിച്ച വാര്‍ത്തയെ തുടര്‍ന്നാണ് ഇന്നലെ ഹെലികോപ്ടറുകളില്‍ സാധനം എത്തിച്ചത്. പുതിയ മെസിന് മുകളിലേക്ക് ഇവ എറിഞ്ഞ് കൊടുക്കുകയായിരുന്നു. ശബരിമലയില്‍ തങ്ങുന്നവര്‍ വലിയ പ്രതീക്ഷയോടെ പായ്ക്കറ്റുകള്‍ തുറന്നെങ്കിലും പകുതിയിലേറെ സാധനങ്ങളും ഇവിടേക്ക് ആവശ്യമില്ലാത്തതായിരുന്നു.
ഓണപ്പൂജയും തൊഴാനാകില്ല
ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ട് നട അടയ്ക്കുമെങ്കിലും ഓണ ദിവസങ്ങളിലെ പൂജകള്‍ക്കായി നാളെ വൈകിട്ട് വീണ്ടും തുറക്കും. ഇത് മുന്നില്‍ കണ്ട് കഴിഞ്ഞ ദിവസം പമ്പയില്‍ കൊണ്ടുവന്ന പ്രധാന പൂജകള്‍ക്കുള്ള ഉണക്കലരി ഉള്‍പ്പെടെ ഇന്നലെ വൈകിട്ടോടെ വണ്ടിപ്പെരിയാര്‍ വഴി പുല്ലുമേട്ടില്‍ എത്തിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ ഇത് ഇന്ന് സന്നിധാനത്ത് എത്തിക്കും. വെള്ളത്തിന്റെ കുത്തൊഴുക്ക് നിലച്ചാലും പമ്പയില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശിക്കുക അസാദ്ധ്യമാകും.

