രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ തന്‍റെ മുതുക് ചവിട്ടുപടിയാക്കിയ ജെയ്‌സലിന് അഭിനന്ദന പ്രവാഹം

ജാതിയെന്നോ മതമെന്നോ വര്‍ണമെന്നോ നോക്കാതെ എല്ലാവരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ഇതില്‍ എല്ലാവരുടെയും മനസ്സ് കീഴടക്കിയ ഒരാളുണ്ട്, ജെയ്‌സല്‍. സ്ത്രീകളടക്കമുള്ളവരെ രക്ഷാബോട്ടില്‍ കയറ്റാന്‍ തന്‍റെ മുതുക് ചവിട്ടുപടിയാക്കിയ ജെയ്സലിന് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.

നിരവധി പേരാണ് ലോകത്തിന്‍റെ പല കോണുകളില്‍ നിന്നായി ജെയ്സലിനെ വിളിച്ചുകൊണ്ടിരിക്കുന്നത്. വേങ്ങര മുതലമാട്ടെ വെള്ളപൊക്കത്തിലായിരുന്നു ജെയ്‌സല്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. ആളുകള്‍ക്കും ബോട്ടിനുമിടയില്‍ മൂക്ക് വെള്ളത്തില്‍ മുട്ടുംവിധം ജെയ്സല്‍ മുട്ടുകുത്തിനില്‍ക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ നടന്ന ഈ രംഗം ക്യാമറയില്‍ പകര്‍ത്തുന്നവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു, ചെരിപ്പൂര്,  അത് കല്ലല്ല, ഒരു മനുഷ്യനാണെന്ന്.

ട്രോമാകെയര്‍ വൊളന്‍റിയര്‍ കൂടിയാണ് മത്സ്യത്തൊഴിലാളിയായ ജെയ്സല്‍. ആവില്‍ ബീച്ചില്‍ പാതിഷീറ്റിട്ട, ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ഭാര്യ ജസീറയ്ക്കും മൂന്നു മക്കളോടുമൊപ്പമാണ് താനൂര്‍ ചാപ്പപ്പടിയിലെ കുട്ട്യാച്ചീന്‍റെ പുരയ്ക്കല്‍ ജെയ്സല്‍(32)താമസം.

പ്രയാസങ്ങളൊന്നും ആരോടും പറയാന്‍ താത്പര്യമില്ല. ബന്ധുക്കള്‍ സഹായിച്ച് വാങ്ങിയ നാലരസെന്‍റ് സ്ഥലത്താണ് ഈ ഒറ്റമുറി വീട്. ഒരുഭാഗം തെങ്ങുവീണ് തകര്‍ന്ന് ചോര്‍ന്നൊലിക്കുന്നുണ്ട്. ഇവര്‍ പണിയെടുത്തിരുന്ന വള്ളവും വലയും കഴിഞ്ഞ ഓഖി ദുരന്തത്തില്‍ നശിച്ചു.

ഒരു മികച്ച ഫുട്ബോള്‍കളിക്കാരന്‍ കൂടിയാണ് ജെയ്സല്‍. വാര്‍ത്ത വൈറലായതിനു പിന്നാലെ സംവിധായകന്‍ വിനയന്‍ ഒരുലക്ഷം രൂപ ജെയ്സലിന് സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*