ദുരഭിമാനക്കൊല; ഉദുമല്‍പേട്ടയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യാപിതാവടക്കം ആറുപേര്‍ക്കു വധശിക്ഷ

തിരുപ്പൂര്‍:  ഉദുമല്‍പേട്ടയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യാ പിതാവടക്കം ആറുപേര്‍ക്കു വധശിക്ഷ. ഒരാള്‍ക്ക് ഇരട്ടജീവപര്യന്തവും മറ്റൊരാള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. യുവതിയുടെ അമ്മയും അമ്മാവനും ഉള്‍പ്പെടെ മൂന്നു പ്രതികളെ വെറുതെ വിട്ടു. തിരുപ്പൂര്‍ പ്രത്യേക സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

ദിണ്ഡിഗല്‍ സ്വദേശി ശങ്കറിനെയാണ് മാര്‍ച്ച്‌ 13 ന് ഉടുമല്‍പേട്ട നഗരമധ്യത്തില്‍വച്ചു ക്വട്ടേഷന്‍ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പൊള്ളാച്ചിയിലെ സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ശങ്കര്‍. തേവര്‍ സമുദായാംഗമായ കൗസല്യ, ദളിത്  സമുദായത്തില്‍പ്പെട്ട ശങ്കറിനെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു രഹസ്യമായി വിവാഹം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വിവാഹം നടന്നത് അറിഞ്ഞ ഉടന്‍തന്നെ കൗസല്യയെ, വിദ്യാഭ്യാസം അവസാനിപ്പിച്ചു വീട്ടില്‍ തിരികെ കൊണ്ടുവന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്‌ ഒരു മാസത്തിനു ശേഷം ശങ്കറിന്‍റെ വീട്ടിലേക്കു കൗസല്യ തിരിച്ചെത്തി. ഇതു കൗസല്യയുടെ വീട്ടുകാരെയും സമുദായാംഗങ്ങളെയും പ്രകോപിതരാക്കി. തുടര്‍ന്നുണ്ടായ ദുരഭിമാന പ്രശ്നമാണ് അതിദാരുണമായ കൊലപാതകത്തിലേക്ക് എത്തിച്ചത്.

കൊല നടന്ന ദിവസം കുമരലിംഗത്തില്‍ നിന്നു പതിനൊന്നു മണിയോടെ ഉടുമല്‍പേട്ട നഗരത്തിലെത്തിയ ശങ്കറും കൗസല്യയും ബേക്കറിയില്‍ കയറി ലഘുഭക്ഷണം കഴിച്ചു. വീട്ടുസാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങുന്നതിനായി ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തുള്ള പാത കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു ശങ്കറിന് വെട്ടേറ്റത്.

ഇവരെ പിന്തടര്‍ന്നെത്തിയ രണ്ടംഗ സംഘത്തിനു പിന്നാലെ ബൈക്കിലെത്തിയ മൂന്നാമന്‍ ബൈക്കില്‍ നിന്നു വടിവാള്‍ എടുത്തു നല്‍കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. മൂവരും ചേര്‍ന്നു ശങ്കറിനെ പിന്നില്‍ നിന്നു വെട്ടി. കൗസല്യയെയും വെട്ടി. ശങ്കര്‍ റോഡരികില്‍ വീണു പിടഞ്ഞു മരിച്ചു. കൗസല്യ നടുറോഡിലെ കാറിന്‍റെ സൈഡിലേക്ക് ഓടി രക്ഷപ്പെട്ടു. ഈ സമയവും സംഘം ആക്രമണം തുടര്‍ന്നു. അക്രമികള്‍ മടങ്ങിയശേഷമാണു കണ്ടുനിന്നവര്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചത്.

prp

Related posts

Leave a Reply

*