ബിജെപി പ്രവര്‍ത്തകന്‍റെ കൊലയ്ക്കുകാരണം സിപിഎം പ്രവർത്തകന്‍റെ കൊലയിലുള്ള പക കാരണമെന്ന് മുഖ്യമന്ത്രി

ബിജെപി പ്രവർത്തകനായ രാമചന്ദ്രനെ കണ്ണൂരില്‍ കൊലപ്പെടുത്തിയതിന് കാരണം രാഷ്ട്രീയ വിരോധമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പ്രവർത്തകനായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത് 10 ബിജെപി പ്രവർത്തകർ ചേർന്നാണ്. ഈ കൊലപാതകത്തിന്‍റെ വിരോധമാണ് രാമചന്ദ്രന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത്. രണ്ടു സംഭവങ്ങളിലും പൊലീസ് അന്വേഷണം കൃത്യമായി നടക്കുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

 1954_Pinarayi-Vijayan
കണ്ണൂരിലെ അക്രമരാഷ്ട്രീയം നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊലയ്ക്കുപിന്നിൽ കേന്ദ്രവും കേരളവും ഭരിക്കുന്ന പാർട്ടികളാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ആരോപിച്ചു. എന്നാൽ, എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലായെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂർ ജില്ലയിൽ ചെറിയ ഇടവേളയ്ക്കു ശേഷം ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്നു പയ്യന്നൂർ പ്രദേശത്തു വ്യാപക അക്രമവുമുണ്ടായി. തിങ്കളാഴ്ച രാത്രി 10 മണിയോടെ കുന്നരു കാരന്താട്ട് സിപിഎം പ്രവർത്തകനായ സി.വി.ധനരാജിനെയും (36) തുടർന്ന് അർധരാത്രിയോടെ ഓട്ടോറിക്ഷ ഡ്രൈവറും ബിഎംഎസ് പ്രവർത്തകനുമായ അന്നൂർ സ്വദേശി സി.കെ.രാമചന്ദ്രനെയും (46) വീട്ടുമുറ്റത്ത് ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ധനരാജിന്‍റെ കൊലയ്ക്കു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നും രാമചന്ദ്രന്‍റെ കൊലപാതകത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും പാർട്ടിനേതൃത്വങ്ങൾ നേരത്തെ ആരോപണം ഉയര്‍ത്തിരുന്നു.
prp

Related posts

Leave a Reply

*