ഒരു തവണ കൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ സര്‍വനാശം: പിണറായി വിജയന്‍

പത്തനംതിട്ട: രാജ്യത്ത് ഒരു തവണ കൂടി ബിജെപി അധികാരത്തില്‍ എത്തിയാല്‍ സര്‍വനാശമാകും ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഏത് നിമിഷവും ബിജെപിയിലേക്ക് പോകാവുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ഈ അവസ്ഥയില്‍ എല്‍ഡിഎഫിനെ മാത്രമേ വിശ്വസിക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി വിജയന്‍. കോണ്‍ഗ്രസ് എല്ലാ കാലത്തും വര്‍ഗീയതയുമായി സമരസപ്പെടാനാണ് ശ്രമിച്ചത്. വര്‍ഗീയതയെ തുറന്നെതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് എതിര്‍ക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ അണികള്‍ക്ക് അടക്കം വര്‍ഗീയ ശക്തികളോട് മൃദുസ്വഭാവം വന്നു.

ഇതിന്‍റെ ഫലം ഇപ്പോള്‍ നോക്കിയാല്‍ കാണാം. രാജ്യത്തെ ബിജെപി മന്ത്രിമാര്‍, എംപിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, വിവിധ തലത്തിലുള്ള നേതാക്കള്‍, ഇവരെല്ലാം പരിശോധിക്കുമ്ബോള്‍, ഒരുപറ്റം കോണ്‍ഗ്രസ് നേതാക്കളാണ് ഇപ്പോള്‍ ബിജെപിയുടെ തലപ്പത്ത് ഇരിക്കുന്നതെന്ന് കാണാം. ഇപ്പോള്‍ അവര്‍ ബിജെപി നേതാക്കളാണ്. എന്നാല്‍ മുമ്പ് പലരും എഐസിസി നേതാക്കളായിരുന്നു. രാജ്യമാകെ ബിജെപി തകരണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ അതിന് ഉതകുന്ന സമീപനമാണോ കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് പിണറായി വിജയന്‍ ചോദിച്ചു.

രാഹുലിന്‍റെ തട്ടകമായ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വലിയ ശക്തിയാണ്. വലിയ ശക്തിയല്ലെങ്കിലും കോണ്‍ഗ്രസും അവിടെ ഉണ്ട്. ഇവിടെ തീര്‍ത്തും ഒറ്റപ്പെടുത്തേണ്ടത് ബിജെപിയെയാണ് എന്ന നല്ല നിലപാട് എഎപി നേതൃത്വം എടുത്തു. ബിജെപിയുടെ സീറ്റുകള്‍ കുറയ്ക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് കെജരിവാള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഡല്‍ഹിയില്‍ എഎപി സഹകരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ത്തു. വിഷയത്തില്‍ രാജ്യതാല്‍പ്പര്യം നിലനിര്‍ത്തുന്ന തീരുമാനം രാഹുല്‍ എടുത്തില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

മന്‍മോഹന്‍ സിംഗിന്‍റെ രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് രാജ്യമാകെ പൊറുതി മുട്ടി കഴിയുകയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളും ആകെ വിഷമത്തിലായിരുന്നു. ഒരു ഭാഗത്ത് കര്‍ഷക ആത്മഹത്യ, മറ്റൊരു ഭാഗത്ത് തൊഴിലാളികള്‍ പ്രയാസത്തില്‍. അധ്വാനിക്കുന്ന ഓരോ വിഭാഗവും പ്രയാസത്തില്‍. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്നു. ഓഹരികള്‍ വിറ്റഴിക്കുന്നു. ഇത് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ കാലത്തല്ല. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ്.

അവസാനം സഹികെട്ട ജനം ഈ നാശം എങ്ങനെയെങ്കിലും ഇറങ്ങിയാല്‍ മതിയെന്ന് ചിന്തിക്കുന്ന അവസ്ഥയിലെത്തി. ആ അവസരം ബിജെപി ഉപയോഗിച്ചു. ബിജെപി പല വാഗ്ദാനങ്ങള്‍ നല്‍കി. കോണ്‍ഗ്രസ് കൃഷിക്കാരുടെ താല്‍പ്പര്യങ്ങള്‍ പരിഗണിക്കുന്നില്ല, ഞങ്ങള്‍ ഇതെല്ലാം പരിഹരിക്കുമെന്ന് ബിജെപി പറഞ്ഞു. ഒരു കാര്‍ഷികോല്‍പ്പന്നത്തിന് ഉത്പാദനച്ചെലവും അതിന്റെ പകുതിയും കൂട്ടി ചേര്‍ത്തുകൊണ്ടുള്ള സംഖ്യ കൃഷിക്കാര്‍ക്ക് താങ്ങുവിലയായി നല്‍കുമെന്ന വാഗ്ദാനം നല്‍കി. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ആ പ്രഖ്യാപനത്തെക്കുറിച്ച്‌ അവര്‍ ആലോചിച്ചിട്ട് പോലുമില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

prp

Related posts

Leave a Reply

*