സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള അവസാന തീയതി ഇന്ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള അവസാന തീയതി ഇന്ന് . ഇന്നലെ വരെ 154 പത്രികകൾ സമർപ്പിക്കപ്പെട്ടു.

ഇന്ന് പത്രിക സമർപ്പിക്കുന്നവരിൽ വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധിയും തൃശൂരിലെ ബി ജെ പി സ്ഥാനാർഥി സുരേഷ് ഗോപിയും ഉൾപ്പെടുന്നു. മൂന്ന് പ്രധാന മുന്നണികളുടെയും പ്രധാന സ്ഥാനാർത്ഥികൾ എല്ലാം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. നാളെയാണ് സൂക്ഷമ പരിശോധന.

മുൻകരുതൽ എന്ന നിലയിൽ പ്രധാന മുന്നണികൾ എല്ലാ മണ്ഡലങ്ങളിലും ഡമ്മി സ്ഥാനാർത്ഥിക്ക് കൂടി പത്രികയും നൽകും. പ്രധാന സ്ഥാനാർത്ഥികളുടെ അപരന്മാർ സാധാരണ നിലയിൽ അവസാന ദിവസമായ ഇന്നാവും പത്രിക നൽകുക. ഏതെല്ലാം സ്ഥാനാർത്ഥികൾക്ക് അപരന്മാരുണ്ടാകും എന്ന ചിത്രവും ഇന്നത്തോടെ വ്യക്തമാകും.

പത്രിക പിൻവലിക്കാൻ ഏപ്രിൽ എട്ട് വരെ സമയം ഉണ്ട്. എന്നാൽ മൂന്ന് പ്രധാന മുന്നണികളുടെയും സ്ഥാനാർത്ഥി ചിത്രം വ്യക്തമായതിനാൽ സാങ്കേതികത്വത്തിന് അപ്പുറമുളള പ്രാധാന്യം ഇതിനില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വയനാട് ജില്ലാ കളക്​ടർക്ക് പ്രതിക സമർപ്പിക്കും. തൃശ്ശൂരിൽ നിന്നും വയനാട്ടിലേക്ക് മാറിയ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെളളാപ്പളളിക്ക് പകരം മത്സരിക്കുന്ന സുരേഷ് ഗോപിയും ഇന്ന് പത്രിക നൽകും.

കൂടുതൽ കേസ് വിവരങ്ങൾ ഉൾപ്പെടുത്തി പത്തനംതിട്ടയിലെ എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ ഇന്ന് വീണ്ടും പത്രിക നൽകും. ഇന്നലെ നൽകിയ 41 പത്രികകൾ അടക്കം ഇതുവരെ 20 മണ്ഡലങ്ങളിലായി 154 പത്രികകള്‍ ലഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

prp

Related posts

Leave a Reply

*