‘ഇത്തവണ മെട്രോ കാത്തു’; രഞ്​ജിത്തിന്‍റെ വിവാഹം കൊച്ചി മെട്രോ രക്ഷിച്ച കഥ- VIDEO

കൊച്ചിയില്‍ ഒരു വിവാഹം കഴിക്കണമെങ്കില്‍ നിസ്സാര പണിയൊന്നുമല്ല. ഇവിടുത്തെ ട്രാഫിക് പലപ്പോഴും ആളുകളെ ആശങ്കയിലേക്ക് നയിക്കാറുണ്ട്. എന്നാല്‍ തലയ്ക്ക് മുകളിലൂടെ പറക്കുന്ന കൊച്ചി മെട്രോ ഒരു വിവാഹം രക്ഷിച്ച കഥയാണ് രഞ്ജിത്ത് പങ്കുവെയ്ക്കുന്നത്. ഡിസംബര്‍ 23നായിരുന്നു ഐടി സംരംഭകനായ രഞ്ജിത്തിനെയും വീട്ടുകാരെയും അങ്കലാപ്പിലായ സംഭവങ്ങള്‍ നടന്നത്.

വിവാഹ വേദിയിലേക്ക് യാത്ര തിരിച്ച രഞ്ജിത്തും കുടുംബവും പതിവ് പോലെ ട്രാഫിക് ജാമില്‍ കുരുങ്ങി. നാല് മണിക്കൂറോളം ട്രാഫിക്കില്‍ കിടന്ന് ഇഴഞ്ഞതോടെ കല്ല്യാണം തന്നെ മുടങ്ങുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. സാധാരണ മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന സ്ഥലത്തേക്കാണ് ഈ അവസ്ഥ നേരിട്ടത്. 11 മണിക്ക് നിശ്ചയിച്ച ചടങ്ങിനെത്താന്‍ വീട്ടില്‍ നിന്നും രാവിലെ 6 മണിക്ക് ഇറങ്ങിയെന്ന് രഞ്ജിത്ത് പറയുന്നു.

 

വിവാഹവേദിയിലെത്താന്‍ വൈകുമെന്ന്​ മനസിലാക്കിയതോടെ യാത്രക്ക്​ മറ്റൊരു വഴി തേടുകയായിരുന്നു കുടുംബം. ഒടുവില്‍ മുഹൂര്‍ത്തം തെറ്റാതിരിക്കാനായി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറില്‍ നീണ്ട ക്യൂ. ഉടന്‍ തന്നെ അധികൃതരെ കണ്ട്​ തന്റെ വിവാഹമാണെന്നും ട്രാഫിക്ക്​ ജാം മൂലം യാത്ര തുടരാന്‍ സാധിക്കാത്തതിനാലാണ്​ മെട്രോയിലെത്തിയതെന്നും പറഞ്ഞപ്പോള്‍ അധികൃതര്‍​ ടിക്കറ്റ്​ നല്‍കി.

 

മണിക്കൂറുകള്‍ സഞ്ചരിച്ചാലും എത്താതിരുന്ന വിവാഹവേദിയിലേക്ക് വരനും കുടുംബവും വെറും 20 മിനിറ്റ് കൊണ്ട് എത്തി. ആകാംക്ഷകള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ 12നും 12.05നും ഇടയില്‍ ആ വിവാഹം നടന്നു. മെട്രോ സ്റ്റേഷനില്‍ വെച്ചാണ് വരന്‍ വസ്ത്രം മാറിയത് പോലും. ‘കൊച്ചി വണ്‍’ സ്​​മാര്‍ട്ട്​ കാര്‍ഡും ദമ്പതികള്‍ക്ക്​ മെട്രോ സമ്മാനിച്ചിട്ടുണ്ട്​. മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കുന്നതാണ്​ സ്​മാര്‍ട്​ കാര്‍ഡ്​.

Related posts

Leave a Reply

*