ജനങ്ങള്‍ ആശങ്കയില്‍; ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ടിന് രണ്ടടി കൂടി മാത്രം

ഇടുക്കി: മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ച്‌ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുകളിലേക്ക്. 2393 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. 135.9 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ജലനിരപ്പ് 2,400 അടിയിലെത്തുമ്പോള്‍ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് കെസ്‌ഇബിയുടെ തീരുമാനം. ജലനിരപ്പ് 2,395 അടിയിലെത്തുമ്പോഴാണ് രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശമായ ഓറഞ്ച് അലേര്‍ട്ട് നല്‍കുന്നത്. ആദ്യ ജാഗ്രതാ നിര്‍ദേശം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ ഉടന്‍ തുറക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം വൈദ്യുതമന്ത്രി എംഎം മണി വ്യക്തമാക്കിയിരുന്നു. ഡാം തുറന്ന് വിടുകയാണെങ്കില്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച്‌ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തിരുന്നു.

വെള്ളം തുറന്നു വിടുകയാണെങ്കില്‍ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വെ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു വശങ്ങളിലും 100 മീറ്ററിനുളളിലുളള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങളില്‍ നിന്ന് തയ്യാറാക്കിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ പ്രാദേശികമായി ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെക്കുറിച്ചുളള വിവരമാണ് അടിയന്തരമായി ശേഖരിക്കുന്നത്.

റവന്യൂ, ജലവിഭവ വകുപ്പുകളും കെഎസ്‌ഇബിയും ചേര്‍ന്നാണ് സര്‍വെ നടത്തുക. ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഇടുക്കി, എറണാകുളം കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിന് മുമ്പ് 1992 ലാണ് ഇടുക്കി അണക്കെട്ട് തുറന്നുവിട്ടത്. അതിനുശേഷം തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇടുക്കിയില്‍ ജലനിരപ്പ് ഇത്രയും ഉയരുന്നത് ആദ്യമാണ്. ഈ സീസണില്‍ ഇടുക്കിയില്‍ 192.3 സെന്റിമീറ്റര്‍ മഴ ലഭിച്ചു. ദീര്‍ഘകാല ശരാശരിയെ അപേക്ഷിച്ച്‌ 49 ശതമാനം കൂടുതലാണിത്.

prp

Related posts

Leave a Reply

*