ഹണിട്രാപ്പില്‍ പെടുത്തി കൊലപാതകം; റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും ഡ്രൈവറും അറസ്റ്റില്‍

വിജയവാഡ: ജനുവരി 31 ന്‌ വിജയവാഡക്ക് സമീപം നന്ദിയഗാമ ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറിന്‍റെ പിന്‍സീറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ മൃതദേഹം കണ്ടെത്തി. തെലുങ്ക് ചാനലായ എക്‌സ്പ്രസ് ടി.വിയുടെ മാനേജിങ് ഡയറക്ടറും കോസ്റ്റല്‍ ബാങ്ക് എന്ന കമ്പനിയുടെ ഡയറക്ടറുമായ ചിഗുരുപതി ജയറാമാണ് (55) കൊല്ലപ്പെട്ടത്.

കടമെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്നും ഇതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണെന്നും പോലീസ് അറിയിച്ചു. ഹണി ട്രാപ്പില്‍പ്പെടുത്തിയാണ് ഇയാളെ കൊല ചെയ്തത്. സംഭവത്തെ തുടര്‍ന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ രാകേഷ് റെഡ്ഢി, ഇയാളുടെ ഡ്രൈവര്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

ബിസിനസിനായി രാകേഷ് റെഡ്ഢിയില്‍ നിന്നും ആറു കോടി ജയറാം വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് റെഡ്ഢി നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ തുടങ്ങിയതോടെ ജയറാം ഫോണ്‍ എടുക്കാതെയായി. തുടര്‍ന്ന് റെഡ്ഡി മറ്റൊരു നമ്പറില്‍ വാട്‌സാപ്പ് വഴി ജയറാമിനോട് ചാറ്റ് ചെയ്യാന്‍ തുടങ്ങി. താന്‍ സ്ത്രീയാണെന്ന വ്യാജേനയായിരുന്നു ഇത്. മുഖചിത്രമായി നല്‍കിയിരുന്നതും സ്ത്രീയുടെ ചിത്രമാണ്. ബന്ധം ദൃഢമായതോടെ വീട്ടിലേക്ക് തനിച്ച് വരാന്‍ റെഡ്ഡി ആവശ്യപ്പെട്ടു.

യുവതിയുടെ ജൂബിലി ഹില്‍സിലേക്കുള്ള വീട്ടിലേക്ക് പുറപ്പെട്ട ജയറാമിനെ വഴിമധ്യേ ഡ്രൈവറുമായി ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പണം തിരികെ ആവശ്യപ്പെട്ടു. ജയറാമിന്‍റെ കൈയ്യില്‍ പണമില്ലെന്ന് അറിഞ്ഞതോടെ ക്രൂരമായി മര്‍ദ്ദിച്ചശേഷം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയറാം കാറില്‍വെച്ചുതന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

റെഡ്ഡിയും ജയ്‌റാമും തമ്മില്‍ സാമ്പത്തിക ഇടപടുകള്‍ നടന്നിരുന്നുവെന്ന ബന്ധുവിന്‍റെ മൊഴിയാണ് പോലീസ് അന്വേഷണം റെഡ്ഡിയിലേക്കും ഡ്രൈവറിലേക്കും എത്തിച്ചത്. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

prp

Related posts

Leave a Reply

*