പരിഭ്രാന്തി പരത്തി പുള്ളിപ്പുലി; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലി കൂട്ടിലായി

കല്‍പ്പറ്റ: കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന നീലഗിരി ജില്ലയിലെ പാട്ടവയലില്‍ വീട്ടിനുള്ളിയില്‍ പുള്ളിപ്പുലിയെ കണ്ടെത്തി. വീട്ടിച്ചുവട് വില്ലന്‍ രാഹിനിന്‍റെ വീട്ടിനുള്ളിലാണ് മൂന്നുവയസുള്ള പുലിയെ കണ്ടെത്തിയത്. വയനാട് അതിര്‍ത്തി പ്രദേശമാണ് പാട്ടവയല്‍. വീട്ടിലെ മുറിയിലെ കട്ടിലിനടിയില്‍ പതുങ്ങിയ നിലയിലായിരുന്നു പുലി.

ബന്ധുവിന്‍റെ കല്യാണത്തിന് പോയ രാഹിനും കുടുംബവും രണ്ട് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് കിടക്കയില്‍ കിടന്നുറങ്ങുന്ന പുലിയെ കണ്ടത്. ആളുകളുടെ ബഹളം കേട്ടതോടെ പുലി കട്ടിലിനടിയിലേക്ക് പതുങ്ങി. തുടര്‍ന്ന് വീട്ടുകാര്‍ മുന്‍വാതില്‍ പുറത്തുനിന്നു കുറ്റിയിടുകയും പൊലീസിനേയും വനപാലകരേയും വിവരമറിയിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

വീടിന്‍റെ പുറകുവശത്തെ ഭിത്തിക്കു മുകളിലുള്ള ദ്വാരത്തിലൂടെയാണ് പുലി വീടിനുള്ളില്‍ കടന്നത്. പകല്‍ മുഴുവന്‍ നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ പുലിയെ രാത്രിയോടെയാണ് വനപാലകര്‍ പിടികൂടിയത്. ബിദര്‍ക്കാട് റെയ്ഞ്ചര്‍ മനോഹരന്‍റെ നേതൃത്വത്തില്‍ എത്തിയ വനപാലകര്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ കൂട്ടിലാക്കിയത്. വീടിന്‍റെ മുറിയുടെ മുന്‍വശത്ത് കൂട് സ്ഥാപിച്ച് പുലിയെ കൂട്ടില്‍ കയറ്റുകയായിരുന്നു.

prp

Related posts

Leave a Reply

*