ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറാകണമെന്ന് ഹൈക്കോടതി

കൊച്ചി: നാളത്തെ പണിമുടക്കില്‍ സ്വീകരിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സുരക്ഷ നല്‍കും. സ്‌കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സുരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ഹര്‍ത്താലിന് എതിരെ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറാകണമെന്ന് ഹൈക്കോടതി പറഞ്ഞു. ചെറിയ കാര്യങ്ങള്‍ക്ക് ഹര്‍ത്താല്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇടപെടുന്നതിന് പരിമിതിയുണ്ട്. ഹര്‍ത്താലിന് മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നമെന്ന് ഹൈക്കോടതി പറഞ്ഞു. ഹര്‍ത്താലിനെതിരെ എന്ത് നടപടിയെടുത്തു?. സുപ്രീംകോടതിയടക്കം ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ല. ഒരു വര്‍ഷം 97 ഹര്‍ത്താലെന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും കോടതി പറഞ്ഞു.  ഹര്‍ത്താലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്നും കോടതി ചോദിച്ചു.

ഹര്‍ത്താലിലെ അക്രമങ്ങള്‍ ഗൗരവമേറിയ വിഷയമാണ്. പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മറ്റുള്ളവരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുത്. ഹൈക്കോടതിയുടെയും സുപ്രീംകോടതിയും ഇത്തരത്തിലുള്ള ജനവിരുദ്ധ സമരങ്ങള്‍ക്കെതിരെ പല ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുള്ളതാണ്. പക്ഷേ അവയൊന്നും കാര്യമായ പരിഹാരമുണ്ടാക്കിയില്ല. സംസ്ഥാനത്തിന്‌ വലിയ സാമ്പത്തിക  പ്രതിസന്ധിയുണ്ടാക്കുന്ന വിഷയം കൂടിയാണിത്. ഗുരുതരമായ സ്ഥിതി വിശേഷമാണുണ്ടായിരിക്കുന്നത്. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേ എന്നും കോടതി ചോദിച്ചു.

ഹര്‍ത്താലിനെതിരെ നടപടി എടുത്തേ മതിയാകൂ. ഹര്‍ത്താല്‍ ഇന്നൊരു തമാശയായി മാറിക്കഴിഞ്ഞു. എന്ത് നടപടികളാണ് ഇതിനെതിരെ സ്വീകരിക്കുന്നതെന്ന് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. വ്യവസായികള്‍ക്കായി ബിജു രമേശും മലയാള വേദിയുടെ പേരില്‍ ജോര്‍ജ് വട്ടുകുളവും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

prp

Related posts

Leave a Reply

*