ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ച ഫഹദ് ഫാസിലിനെതിരെ സംഘപരിവാര്‍ ഗ്രൂപ്പുകളുടെ ഹേറ്റ് കാമ്പയിന്‍

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാതിരുന്ന ഫഹദ് ഫാസിലിനെതിരേ സോഷ്യല്‍മീഡിയയില്‍ ബഹിഷ്‌കരണ ക്യാംപയിന്‍. സംഘപരിവാര്‍ അനുകൂല സൈബര്‍ ഗ്രൂപ്പുകളിലാണ് ഫഹദിനെതിരേ ക്യാംപയിന്‍ സജീവമായിരിക്കുന്നത്. സമാന നിലപാടെടുത്ത പാര്‍വതിയടക്കമുള്ളവര്‍ക്കെതിരെ മമ്മൂട്ടി ഫാന്‍സുകാര്‍ പ്രചരണം നടത്തുന്ന വേളയില്‍ തന്നെയാണ് ഫഹദിനെ കേന്ദ്രീകരിച്ചുള്ള പ്രചരണവും നടക്കുന്നത്. ഇതിന് പിന്നില്‍ വര്‍ഗീയ അജണ്ടയുണ്ടെന്ന ആരോപണവും ശക്തമാണ്.

അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കാതെ ഫഹദ് ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചതുമുതല്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു വശത്ത് ഫഹദിനെ സഖാവാക്കിയും ഉത്തമ കമ്മ്യൂണിസ്റ്റാക്കിയുമൊക്കെ വാഴ്‌ത്തുമ്പോള്‍ മറുവശത്ത് ഹേറ്റ് ക്യാമ്പയിന്‍ ശക്തിപ്രാപിക്കുന്നു. ബിജെപി-സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലുമാണ് ഫഹദിനെതിരേ ക്യാമ്പയിന്‍ നടക്കുന്നത്.

 

ഫഹദിന്‍റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തുന്നു. ആയിരക്കണക്കിന് ഷെയറുകളും ലൈക്കുകളും കിട്ടി ബഹിഷ്‌കരണ ക്യാമ്പയിന്‍ കുതിച്ചുകയറുകയുമാണ്. ബിജെപി മന്ത്രിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച പുരസ്‌കാര ജേതാവ് അനീസിന്‍റെ പോസ്റ്റിനുകീഴില്‍ ചീത്തവിളിച്ച്‌ നിരവധി പേരെത്തുന്നുണ്ട്. എന്നാല്‍ ഫഹദ് നേരിടുന്നത്രയും രൂക്ഷമായ സൈബര്‍ ആക്രമണമില്ല. പാര്‍വതിയടക്കമുള്ള നിരവധി പേരുണ്ടായിട്ടും ഫഹദിനെ മാത്രം തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്നത് വര്‍ഗീയ അജണ്ടയുടെ ഭാഗമായെന്നും ആരോപണമുയരുന്നുണ്ട്. എന്നാല്‍ സൈബര്‍ സഖാക്കള്‍ ഏറ്റവുമധികം വാഴ്‌ത്തുന്നത് ഫഹദിനെയായതിനാലാണ് വിദ്വേഷപ്രചാരണത്തിന് അദ്ദേഹത്തെ ലക്ഷ്യംവെക്കുന്നതെന്ന വാദവുമുണ്ട്.

 

പതിനൊന്ന് പേര്‍ക്ക് രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനിയും പുരസ്‌കാരം നല്‍കുന്ന തീരുമാനം അവസാന നിമിഷം കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാര വിതരണ ചടങ്ങ് ഫഹദ് അടക്കമുള്ള 66 ഓളം പേര്‍ ബഹിഷ്‌കരിച്ചത്. ഇക്കൂട്ടത്തില്‍ ഫഹദ് ഫാസിലിനെ മാത്രം തിരഞ്ഞു പിടിച്ചാണ് ഇപ്പോള്‍ ആക്രമിക്കുന്നത്.

 

അതേസമയം സംഘപരിവാറിന്‍റെ വിദ്വേഷ പ്രചരണത്തിന് മറുപടിയുമായി ഫഹദിനെ പിന്തുണച്ചുള്ള കാമ്പയിനും മറുവശത്ത് നടക്കുന്നുണ്ട്. അതേസമയം സൈബര്‍ ലോകത്ത് ഈ വിഷയത്തില്‍ പ്രചരണം നടക്കുമ്ബോഴും ചടങ്ങ് ബഹിഷ്‌ക്കരിച്ചു എന്നതിനെ കുറിച്ച്‌ അദ്ദേഹം മാധ്യമങ്ങളോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. അതേസമയം ഫഹദ് ഫാസില്‍ ഒരു ഫാസിസ്റ്റ് വിരുദ്ധ പോരാളിയാണ് എന്ന വിധത്തില്‍ ഇടതു കേന്ദ്രങ്ങളും ആശയപ്രചരണം ശക്തമാക്കിയിട്ടുണ്ട്. ഇതിനായി അലോഷി കമ്മ്യൂണിസ്റ്റാണ് എന്ന ഡയലോഗും കൂട്ടിച്ചേര്‍ത്താണ് പ്രചരണം.

prp

Related posts

Leave a Reply

*