ആലപ്പാട് ഖനനത്തിലേക്ക് വി.എസിന്‍റെ പേരു വലിച്ചിഴയ്ക്കരുതെന്ന് ഇ. പി ജയരാജന്‍

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കാന്‍ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത തള്ളി വ്യവസായ മന്ത്രി ഇ. പി ജയരാജന്‍. വിഎസ് അങ്ങനെ പറയില്ലെന്നും വേണ്ടാത്ത സ്ഥലത്ത് വിഎസിന്‍റെ പേരു വലിച്ചിഴയ്ക്കരുതെന്നും ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഖനനം നിര്‍ത്തിയ്ക്കാന്‍ വിഎസ് ആവശ്യപ്പെട്ടിട്ടുണ്ടല്ലോയെന്നു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജയരാജന്‍റെ പ്രതികരണം. എല്ലായിടത്തും എന്തിനാണ് വിഎസിന്‍റെ പേരു വലിച്ചിഴയ്ക്കുന്നത്. ആ നല്ല മനുഷ്യന്‍ ജീവിച്ചോട്ടെ, ബുദ്ധിമുട്ടിക്കരുത്. ഖനനം നിര്‍ത്തിവയ്ക്കാന്‍ അദ്ദേഹം പറയില്ലെന്നും ജയരാജന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തയുണ്ടാക്കുകയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

ഖനനം നിര്‍ത്തണമെന്ന അഭിപ്രായം സിപിഎം ജില്ലാ നേതൃത്വത്തിനുണ്ടല്ലോയെന്നു മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ”കൊല്ലത്തെ പാര്‍ട്ടിയൊന്നും അങ്ങനെ പറഞ്ഞിട്ടില്ല, ഞങ്ങളൊക്കെ പാര്‍ട്ടി തന്നെയാണ്. ഇപ്പോള്‍ മന്ത്രിയാണെന്നേയുള്ളൂ” എന്നായിരുന്നു വ്യവസായ മന്ത്രിയുടെ പ്രതികരണം. ഖനനത്തില്‍നിന്നു പിന്‍മാറണമെന്ന് സമരം ചെയ്യുന്നവരടക്കം ആരും പറഞ്ഞിട്ടില്ലെന്ന് വ്യവസായ മന്ത്രി അവകാശപ്പെട്ടു.

സമരം ചെയ്യുന്നവര്‍ക്കു ചില ആശങ്കകളുണ്ട്. അതു പരിഹരിക്കും. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് ജനങ്ങളുടെ താത്പര്യങ്ങളും സംസ്ഥാനത്തിന്‍റെ താല്‍പര്യങ്ങളും തൊഴിലാളികളുടെ താല്‍പര്യങ്ങളും പരിഗണിച്ചു നിലപാടു സ്വീകരിക്കും. ആലപ്പാട്ടെ പ്രശ്‌നത്തില്‍ ചര്‍ച്ച ആവശ്യമാണെന്നു മുഖ്യമന്ത്രി തന്നെയാണ് നിര്‍ദേശിച്ചത്. അഞ്ചു മണിക്കു ചര്‍ച്ച നടത്തും. പ്രത്യേക ദൂതന്‍ വഴി വിവരം സമരക്കാരെ അറിയിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

prp

Related posts

Leave a Reply

*