വിധവകള്‍ക്കും വിവാഹ മോചിതര്‍ക്കും വിസ നീട്ടി നല്‍കും

ദുബായ്‌: ഭര്‍ത്താവിന്‍റെ വിസാ കലാവധിയില്‍ നില്‍ക്കെ വിധവകളാകുന്നവരുടെയും വിവാഹ മോചിതരാകുന്ന സ്ത്രീകളുടെയും വിസാ കാലാവധി ഒരു വര്‍ഷത്തേക്കു നീട്ടി നല്‍കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. വിവാഹമോചന തീയതി / ഭര്‍ത്താവിന്‍റെ മരണ തീയതി മുതല്‍ ഒരു വര്‍ഷത്തേക്കാണ് വിസ നീട്ടി നല്‍കുക. ഇവരുടെ കുട്ടികളുടെ വിസയും നീട്ടി നല്‍കും.

പുതിയ തീരുമാനം വഴി സ്‌പോണ്‍സര്‍ ഇല്ലാതെ വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും മക്കള്‍ക്കും യുഎഇയില്‍ താമസിക്കാനാകും. ഭര്‍ത്താവിന്റെ വിയോഗം മൂലം പ്രതിസന്ധിയിലാകുന്ന കുടുംബത്തിനു സാമൂഹ്യ, സാമ്പത്തിക ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ അവസരമൊരുക്കുകയാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്. ഈ വര്‍ഷം അവസാന പാദത്തില്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുത്താനും ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മാനുഷിക പരിഗണനവെച്ച്‌ വിദേശ തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന നിരവധി വിസാ ഇളവുകളാണ് യുഎഇ ഈയിടെ പ്രഖ്യാപിച്ചത്. വിദേശ തൊഴിലന്വേഷകര്‍ക്കും ട്രാന്‍സിസ്റ്റു യാത്രക്കാര്‍ക്കും വിദേശികളെ ജോലിക്കെടുക്കുന്ന കമ്പനികള്‍ക്കുമുള്ള വിസ നിയമത്തില്‍ വ്യാപക മാറ്റത്തിനു കഴിഞ്ഞ ആഴ്ച നടന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളി വിസക്ക് 3,000 ദിര്‍ഹം വീതം കെട്ടിവെക്കണമെന്ന വ്യവസ്ഥ ഒിവാക്കി പകരം ഓരോ തൊഴിലാളിക്കും 60 ദിര്‍ഹം വാര്‍ഷിക ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി.

തൊഴില്‍ തേടി യുഎഇയിലെത്തി വിസ കാലാവധി കഴിഞ്ഞവര്‍ക്കായി ആറു മാസം ദൈര്‍ഘ്യമുള്ള വീസ അനുവദിക്കാനും തീരുമാനിച്ചു. വിസ പുതുക്കാന്‍ രാജ്യത്തിനു പുറത്തു പോകാതെ ഫീസ് അടച്ചാല്‍ മതി.
യുഎഇയിലെത്തുന്ന ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് 48 മണിക്കൂറിനു സമയത്തേക്കുള്ള എന്‍ട്രി ഫീസ് ഒഴിവാക്കി. ഇവര്‍ 50 ദിര്‍ഹം അധികം അടച്ചാല്‍ ട്രാന്‍സിസ്റ്റ് വീസ 96 മണിക്കൂര്‍ വരെ നീട്ടി കൊടുക്കും.

വിദേശ വിദ്യാര്‍ത്ഥികളുടെ സര്‍വകലാശാല പഠനത്തിനു ശേഷം അവരുടെ ആശ്രിതരായ രക്ഷിതാക്കളുടെ റെസിഡന്‍സി കാലാവധി രണ്ടു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കും. ഈ വര്‍ഷം അവസാന പാദത്തില്‍ ഇവ പ്രാബല്യത്തില്‍ വരും.  രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ നാട്ടിലേക്കു മടങ്ങാന്‍ താല്‍പ്പര്യപ്പെട്ടാല്‍ അവരുടെ പാസ്പോര്‍ട്ടില്‍ നോ എന്‍ട്രി സ്റ്റാമ്പ് പതിക്കില്ല.

prp

Related posts

Leave a Reply

*