കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ ബി.ജെ.പിക്ക് 1000 കോടി രൂപ നല്‍കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബി.ജെ.പി നേതാവ് യെദ്യൂരപ്പ ബി.ജെ.പി ദേശീയ നേതൃത്വത്തിന് 1000 കോടി രൂപ നല്‍കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പുകളും പുറത്തുവിട്ടു.

ഇതിന് പുറമെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി വീതവും ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങിന് 100 കോടിയും, എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നല്‍കിയതായി യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു.

നിതിന്‍ ഗഡ്കരിയുടെ മകന്‍റെ വിവാഹത്തിന് 10 കോടി രൂപ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയ്ക്കെല്ലാം പുറമെ ജഡ്ജിമാര്‍ക്ക് 250 കോടിയും അഭിഭാഷകര്‍ക്ക്‌ 50 കോടിയും നല്‍കിയതായും ഡയറിയിലുണ്ട്. എന്നാല്‍ ജഡ്ജിമാരുടെയോ അഭിഭാഷകരുടെയോ പേരുകള്‍ ഇതിലില്ല.

2009 ലേതാണ് ഈ ഡയറിക്കുറിപ്പുകള്‍. കന്നഡയില്‍ യെദ്യൂരപ്പയുടെ സ്വന്തം കൈയക്ഷരത്തിലാണ് ഡയറിക്കുറിപ്പുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 ജനുവരി 17, 18 തിയ്യതികളിലേതാണ് ഈ ഡയറിക്കുറിപ്പുകള്‍. ജനുവരി 17 ലെ ഡയറിക്കുറിപ്പുകളിലാണ് ജഡ്ജിമാര്‍ക്ക് പണം നല്‍കിയതിനെക്കുറിച്ച്‌ പരാമര്‍ശമുള്ളത്. ജനുവരി 18 ലെ കുറിപ്പുകളില്‍ കേന്ദ്രമന്ത്രിമാര്‍ക്ക് പണം നല്‍കിയതിനെക്കുറിച്ചും പറയുന്നുണ്ട്.

അതേസമയം ഡയറിയിലെ കയ്യക്ഷരവും ഒപ്പും വ്യാജമെന്ന് ബിജെപി വ്യക്തമാക്കി. യെദ്യൂരപ്പയുടെ യഥാര്‍ത്ഥ കയ്യക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും കര്‍ണാടക ബിജെപി ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. കോണ്‍ഗ്രസ്‌ പുറത്തുവിട്ട ഡയറി പേജില്‍ ഉള്ളത് വ്യാജമെന്നും ബിജെപി ആരോപിക്കുന്നു.

prp

Related posts

Leave a Reply

*