ബാലഭാസ്‌ക്കറിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്‌കരിക്കും

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കറിന്‍റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. തിരുവനന്തപുരം ശാന്തികവാടത്തില്‍ രാവിലെ പത്ത് മണിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക.

ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിനു വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ അന്ത്യോപചാരമര്‍പ്പിച്ചു. ബാലഭാസ്‌കറിന്‍റെ ജൈത്രയാത്രയ്ക്ക് ഊര്‍ജം പകര്‍ന്ന കോളേജില്‍ യാത്രാമൊഴിയേകാന്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളെത്തി. കലാഭവന്‍ തിയറ്ററിലും നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് പൂജപ്പുരയിലെ വസതിയായ ‘ഹിരണ്‍മയ’യിലേക്ക് കൊണ്ടുപോയി.

1978 ജൂലൈ പത്തിന് കെ സി ഉണ്ണിയുടെയും ബി ശാന്തകുമാരിയുടെയും മകനായാണ് ജനനം. യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു ബിരുദ, ബിരുദാനന്തര പഠനം.മാര്‍ ഇവാനിയോസില്‍ പ്രീഡിഗ്രി രണ്ടാംവര്‍ഷം പഠിക്കുമ്പോഴാണ് ‘മംഗല്യപല്ലക്ക്’ സിനിമയ്ക്ക് സംഗീതം നിര്‍വഹിച്ചത്. ഇതിലൂടെ മലയാളത്തിലെ പ്രായംകുറഞ്ഞ സംഗീത സംവിധായകരിലൊരാളായി.

യൂണിവേഴ്‌സിറ്റി കോളേജിലെ പഠനകാലത്ത് കണ്‍ഫ്യൂഷന്‍ എന്ന പേരില്‍ സംഗീത ബാന്‍ഡ് രൂപീകരിച്ചു. ഇലക്ട്രിക് വയലിന്‍ കേരളത്തിന് പരിചിതമാക്കിയതും ബാലഭാസ്‌കറാണ്. കര്‍ണാടക സംഗീതത്തില്‍ ശക്തമായ അടിത്തറയുള്ള ബാലഭാസ്‌കര്‍ പാശ്ചാത്യസംഗീതത്തിലും മികവ് തെളിയിച്ചു.

കര്‍ണാടക സംഗീതവും പാശ്ചാത്യസംഗീതവും വിദഗ്ധമായി സമന്വയിപ്പിച്ച ഫ്യൂഷനുകള്‍ ആസ്വാദകര്‍ ഹൃദയത്തിലേറ്റി. കണ്ണാടിക്കടവത്ത്, പാഞ്ചജന്യം, മോക്ഷം, പാട്ടിന്റെ പാലാഴി എന്നീ സിനിമകള്‍ക്കും സംഗീതം നിര്‍വഹിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കും സംഗീതം ഒരുക്കി. നിനക്കായ്, ആദ്യമായ് ഉള്‍പ്പെടെ നിരവധി ആല്‍ബങ്ങളും പുറത്തിറക്കി. 2008ലെ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാഖാന്‍ യുവസംഗീതജ്ഞ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടി.

സെപ്തംബര്‍ 25ന് തിരുവനന്തപുരം പള്ളിമുക്കില്‍ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഏകമകള്‍ ഒന്നരവയസ്സുകാരി തേജസ്വിനി ബാല മരിച്ചു. ഗുരുതര പരിക്കേറ്റ ഭാര്യ ലക്ഷ്മി വെന്‍റിലേറ്ററിലാണ്. ഡ്രൈവര്‍ അര്‍ജുനന്‍ ഐസിയുവിലും. മീരയാണ് ഏക സഹോദരി.

prp

Related posts

Leave a Reply

*