അനധികൃത പാര്‍ക്കിങിനും പരസ്യങ്ങള്‍ക്കുമെതിരെ നടപടി വരുന്നു

തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളിലെ അനധികൃത പാര്‍ക്കിങിനും പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

സംസ്ഥാനത്ത് നഗരങ്ങളിലെ തിരക്കേറിയ റോഡുകളില്‍ പല ഭാഗത്തും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് മൂലം സുഗമമായ ഗതാഗതം സാധ്യമല്ലാതിരിക്കുകയും, ഒട്ടനവധി അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്‌. പല നഗരങ്ങളിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ പാര്‍ക്കിങ്‌ ഫീസ് അനധികൃതമായി പിരിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.

റോഡരികില്‍ മരങ്ങളും, കല്ലുകളും മറ്റു കച്ചവട വസ്‌തുക്കളും കൂട്ടിയിടുന്നത് മൂലം യാത്രക്കാര്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നുണ്ട്. തിരക്കേറിയ നഗരങ്ങളിലേയും, ജങ്‌ഷനുകളിലേയും റോഡുകളിലെ മീഡിയനുകളിലും ഡിവൈഡറുകളിലും കാ‌ഴ്‌ച‌ മറയ്ക്കുന്ന രീതിയിലുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും അനധികൃത പണപ്പിരിവ്‌ നടത്തുന്നതായുള്ള പരാതികളും ഉയര്‍ന്നിട്ടുണ്ട്.

തിരക്കേറിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്തും ഇത്തരം നിയമലംഘന പ്രവൃത്തികള്‍ ഉള്ളതായും, ഇത് ഒട്ടനവധി അപകടങ്ങള്‍ക്ക് കാരണമാകുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാമാനദണ്ഡങ്ങളുടേയും, റോഡ് നിയമങ്ങളുടേയും, പൊതുമരാമത്ത് ചട്ടങ്ങളുടേയും നഗ്നമായ ലംഘനമാണ് ഇത്തരം പ്രവൃത്തികളെന്നും, ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടികാണിച്ച്‌ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മന്ത്രി കത്തു നല്‍കി.

വാഹന ഗതാഗതത്തിന് തടസ്സമാകുന്ന രീതിയില്‍ റോഡരികില്‍ സാധനങ്ങള്‍ കൂട്ടിയിടുന്നതും അനധികൃത കയ്യേറ്റങ്ങളും ശിക്ഷാര്‍ഹമാണെന്നും അനധികൃത പാര്‍ക്കിങും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അടക്കമുള്ള നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു. 

prp

Related posts

Leave a Reply

*