അഭിമന്യു വധം: കൊലപാതകത്തിന്‍റെ മുഖ്യ ആസൂത്രകനെന്നു കരുതുന്ന പ്രതി പിടിയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ക്യാംപസ് ഫ്രണ്ട് ജില്ലാ നേതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറിയും ആലുവ പെരുമ്പാവൂര്‍ സ്വദേശിയുമായ ആരിഫ് ബിന്‍ സലാമാണ് പൊലീസില്‍ കീഴടങ്ങിയത്.

അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോള്‍ മഹാരാജാസ് കോളേജ് പരിസരത്ത് ആരിഫ് ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. സ്ഥലത്തേക്ക് കൂടുതല്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയത് ആരിഫിന്‍റെ നേതൃത്വത്തിലാണെന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

ആരിഫ് ഉള്‍പ്പെടെ കേസിലെ എട്ട് പ്രതികള്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളെ കണ്ടെത്താന്‍ ശക്തമായ തെരച്ചിലും അന്വേഷണ സംഘം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ആരിഫ് പൊലീസില്‍ കീഴടങ്ങുന്നത്. അറസ്‌റ്റ് രേഖപ്പെടുത്തിയ ആരിഫിനെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ആരിഫിന്റെ അറസ്‌റ്റോടെ കേസില്‍ നേരിട്ട് പങ്കെടുത്ത 16 പ്രതികളില്‍ ഒന്‍പത് പേര്‍ പൊലീസ് കസ്‌റ്റഡിയിലായി. നേരിട്ട് പങ്കെടുത്തവരും പ്രതികള്‍ക്ക് സഹായം ഒരുക്കിയവരും ഉള്‍പ്പെടെ കേസില്‍ 28 പ്രതികളാണുള്ളത്. അതേസമയം, കേസിലെ കുറ്റപത്രം ഈ ആഴ്‌ച തന്നെ പൊലീസ് കോടതിയില്‍ സമ‌ര്‍പ്പിക്കുമെന്നാണ് അറിയുന്നത്. 125ഓളം സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും കുറ്റപത്രം.

prp

Related posts

Leave a Reply

*