മീശ നോവല്‍ കത്തിച്ച 4 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: സ്റ്റാച്ചു ഡി.സി.സി ബുക്ക്‌സിന് മുന്നില്‍ എസ് ഹരീഷിന്റെ മീശ നോവല്‍ കത്തിച്ച നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തു. മതവിദ്വോഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന പ്രസാധകരുടെ പരാതിയിലാണ് കേസ്.

അതേസമയം, ഹിന്ദുമത വിശ്വാസികളുടെ വികാരം വൃണപ്പെടുത്തിയ നോവല്‍ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും തടയണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേട്ടു. മീശ നോവലിന്റെ വിവാദ ഭാഗങ്ങളുടെ പരിഭാഷ സമര്‍പ്പിക്കണമെന്ന് മാതൃഭൂമിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. വിവാദ സംഭാഷണം ആക്ഷേപഹാസ്യം ആയിക്കൂടെയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. നോവല്‍ നിരോധിച്ച് ആശയങ്ങളുടെ ഒഴുക്ക് തടയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പുസ്തകങ്ങളെ നിരോധിക്കുന്ന സംസ്‌കാരം ശരിയല്ലെന്നും വിമര്‍ശനപരമായി സമീപിക്കാമെന്നും കോടതി നിരീക്ഷിച്ചു. നോവലിനെതിരായ ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഹര്‍ജിയില്‍ എല്ലാ കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് മീശ നോവലിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ ഇന്ന് വാദം കേട്ടത്. ഡല്‍ഹി മലയാളിയായ രാധാകൃഷ്ണന്‍ വരേണിക്കല്‍ ആണ് നോവലിനെതിരെ ഹര്‍ജി നല്‍കിയത്.

prp

Related posts

Leave a Reply

*