വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക് ഒന്നാം പ്രതി

വരാപ്പുഴ: ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ എസ്‌ഐ ജി.എസ്. ദീപക് ഒന്നാം പ്രതി . കൊലക്കുറ്റം ചുമത്തിയാണു പ്രത്യേക അന്വേഷണ സംഘം ദീപക്കിനെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡില്‍ കഴിയുന്ന മൂന്നു പൊലീസുകാരുടെ ജാമ്യാപേക്ഷ പറവൂര്‍ കോടതി പരിഗണിക്കുന്നതും ഇന്നാണ്.

ആലുവ റൂറല്‍ എസ്പിയുടെ സ്ക്വാഡിലെ മൂന്നു പൊലീസുകാര്‍ക്കു പുറമേ എസ്‌ഐ ദീപക്കും ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്നു ശ്രീജിത്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം മുതല്‍ സംശയ നിഴലിലായിരുന്നു ദീപക്.

ശ്രീജിത്തിന്‍റെ  അമ്മയും ഭാര്യയും പലവട്ടം അന്വേഷണ സംഘത്തോടു ദീപക്കിന്‍റെ ക്രൂരമര്‍ദനത്തെ കുറിച്ചു മൊഴി നല്‍കിയിരുന്നു. ഇതു ശരിവയ്ക്കുന്ന നിരവധി തെളിവുകള്‍‌ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ ദീപക്കിനെ വെള്ളിയാഴ്ച രാവിലെ മുതല്‍ ആലുവ പൊലീസ് ക്ലബ്ബില്‍ വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂറോളം ചോദ്യം ചെയ്യല്‍‌ നീണ്ടു. കൊലക്കുറ്റം കൂടാതെ, അന്യായമായി തടങ്കലില്‍ വച്ചു, മര്‍ദിച്ചു തുടങ്ങിയ കുറ്റങ്ങളും ചുമത്തി. എസ്‌ഐ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റില്‍ സന്തോഷമുണ്ടെന്നു ശ്രീജിത്തിന്റെ കുടുംബം പ്രതികരിച്ചു.

കേസില്‍ ആദ്യം അറസ്റ്റിലായ ടൈഗര്‍ ഫോഴ്സിലെ അംഗങ്ങള്‍ ശ്രീജിത്തിനെ കൈമാറിയതു വരാപ്പുഴ എസ്‌ഐ ദീപക്കിനാണ്. സ്റ്റേഷനില്‍ വച്ചും ശ്രീജിത്തിനു മര്‍ദനമേറ്റതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു ദീപക്കിനെയും പ്രതിചേര്‍ത്തത്. സംഭവദിവസം അവധിയിലായിരുന്ന ദീപക്കിനെ ഉന്നത ഉദ്യോഗസ്ഥനാണു സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്. ആത്മഹത്യ ചെയ്ത വാസുദേവനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസില്‍ ശ്രീജിത്ത് അടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താനാണു ദീപക് വന്നത്.

കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് വാഹനത്തിലേക്കു കൊണ്ടുപോകുംവഴി ടൈഗര്‍ ഫോഴ്സ് അംഗങ്ങള്‍ ശ്രീജിത്തിനെ മര്‍ദിക്കുന്നതു കണ്ടതായി രണ്ടു ദൃക്സാക്ഷികളും മൂന്നു കൂട്ടുപ്രതികളും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, വരാപ്പുഴ സ്റ്റേഷനില്‍ മര്‍ദനമേറ്റതിനു ദൃക്സാക്ഷികളില്ല. പോസ്റ്റ്മോര്‍ട്ടം രേഖകള്‍ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡാണു സ്റ്റേഷനില്‍വച്ചും മര്‍ദനമേറ്റതായി വിശദീകരിച്ചത്. മരണ കാരണമായ മര്‍ദനം സ്റ്റേഷനു പുറത്തുവച്ചാണുണ്ടായതെങ്കിലും സ്റ്റേഷനിലും മര്‍ദനമേറ്റതു ശ്രീജിത്തിന്‍റെ അവസ്ഥ ഗുരുതരമാക്കി.

 

prp

Related posts

Leave a Reply

*