നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ച സംഭവത്തിൽ 9 പേരെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍: തലശ്ശേരിയിൽ നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ച സംഭവത്തിൽ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു.ഉപജില്ലാതല നീന്തല്‍ മത്സരത്തിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃത്വിക് രാജ് (14) കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ആണ് തലശേരി എഇഒയും അധ്യാപകരും ഉള്‍പ്പെടെ ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെയാണ് അറസ്റ്റ്.

പ്രതികള്‍ക്കെതിരെ 304 എ വകുപ്പുപ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.

തലശേരി ടെമ്പിള്‍ഗേറ്റ് ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ ഓഗസ്റ്റ് 14ന് രാവിലെ 10.30-നായിരുന്നു കേസിനാസ്പദമായ സംഭവം. ചൊക്ലി, തലശേരി സൗത്ത്, തലശേരി നോര്‍ത്ത് ഉപജില്ലകളില്‍ നിന്നുള്ള നൂറിലേറെ മത്സരാര്‍ഥികളായ വിദ്യാര്‍ഥികളും രക്ഷിതാക്കളും എഇഒ ഉള്‍പ്പെടെയുള്ളവരും നോക്കിനില്‍ക്കെയാണ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിത്താഴ്ന്നത്. ഒന്നര മണിക്കൂര്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് മുങ്ങല്‍ വിദഗ്ധര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച ദിവസം തന്നെ യാതൊരു സുരക്ഷയുമൊരുക്കാതെ നിറഞ്ഞുകവിഞ്ഞ ആഴമേറിയ കുളത്തില്‍ നീന്തല്‍ മല്‍സരം സംഘടിപ്പിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഫയര്‍ ഫോഴ്സിനെയോ പോലീസിനെയോ അറിയിക്കാതെയാണ് മത്സരം സംഘടിപ്പിച്ചത്.

നാല് വിദ്യാര്‍ഥികള്‍ നീന്തുന്നതിനിടയില്‍ മൂന്നുപേര്‍ ഒരേ ലൈനില്‍ മുന്നേറുകയും പിന്നിലുണ്ടായിരുന്ന ഹൃത്വിക് രാജ് മുങ്ങിത്താഴുകയുമായിരുന്നു. മത്സരം മൊബൈലില്‍ പകര്‍ത്തുകയായിരുന്ന ഒരു രക്ഷിതാവ് കുട്ടി മുങ്ങിത്താഴുന്നതു കണ്ട് ബഹളംവച്ചതോടെയാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാനേ സാധിച്ചുള്ളൂ. പിന്നീട് വിവരമറിഞ്ഞ് തലശേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തെരച്ചില്‍ ആരംഭിച്ചത്. എന്നാല്‍ ഇവര്‍ക്ക് കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.  പിന്നീട് സ്‌കൂബ ഡൈവിംഗ് സംഘത്തിലെ വിദഗ്ധര്‍ എത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

prp

Related posts

Leave a Reply

*