ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ഭാര്യയെ കൊന്ന്‍ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ചു; സംവിധായകന്‍ അറസ്റ്റില്‍

ചെന്നൈ: ഭാര്യയെ അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ തമിഴ് സംവിധായകന്‍ അറസ്റ്റില്‍. ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന എസ്.ആര്‍. ബാലകൃഷ്ണനാണ് അറസ്റ്റിലായത്. ബാലകൃഷ്ണന്‍റെ ഭാര്യയും സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായിരുന്ന സന്ധ്യയാണ് കൊല്ലപ്പെട്ടത്. സന്ധ്യയുടെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വിവിധയിടങ്ങളിലെ കുപ്പത്തൊട്ടികളില്‍ ഉപേക്ഷിക്കുകയായിരുന്നു.

ജനുവരി 19ന് രാത്രിയിലാണ് കൊലപാതകം നടന്നത്. 21ന് പള്ളിക്കരണിയില്‍ മാലിന്യശേഖരണകേന്ദ്രത്തില്‍നിന്ന് രണ്ട് കാലുകളും ഒരു കൈയും കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറത്തറിയുന്നത്.

womans chopped hand and leg found in chennai garbage warehouse; deceased woman has been identified as sandhya

 

2015ല്‍ പുറത്തിറങ്ങിയ ‘കാതല്‍ ഇളവസം’ എന്ന ചിത്രത്തിന്‍റെ സംവിധായകനും നിര്‍മ്മാതാവുമാണ് ബാലകൃഷ്ണന്‍. തൂത്തുക്കുടി സ്വദേശിയായ ബാലകൃഷ്ണനും കന്യാകുമാരി സ്വദേശിയായ സന്ധ്യയും 17 വര്‍ഷം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. അക്കാലത്ത് സഹസംവിധായകനായിരുന്നു ബാലകൃഷ്ണന്‍, സന്ധ്യ ജൂനിയര്‍ ആര്‍ട്ടിസ്റ്റും. സിനിമാസെറ്റില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇവര്‍ക്ക് പ്ലസ്ടു വിദ്യാര്‍ഥിയായ മകനും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളുമുണ്ട്. ബാലകൃഷ്ണന്‍റെ തൂത്തുക്കുടിയിലുള്ള അച്ഛനമ്മമാര്‍ക്കൊപ്പമാണ് കുട്ടികള്‍ താമസിക്കുന്നത്.

അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഏറെ നാളായി ബാലകൃഷ്ണനും സന്ധ്യയും പിരിഞ്ഞ് താമസിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കുന്നതിനുവേണ്ടി പൊങ്കല്‍ അവധിക്കാലത്താണ് സന്ധ്യ ജാഫര്‍ഖാന്‍പേട്ടിലുള്ള വീട്ടിലെത്തിയത്. എന്നാല്‍, സന്ധ്യയെ കൊലപ്പെടുത്തിയ ബാലകൃഷ്ണന്‍ തെളിവ് നശിപ്പിക്കുന്നതിനായി ശരീരം വെട്ടിനുറുക്കി കോടമ്പാക്കം, എം.ജി.ആര്‍. നഗര്‍ തുടങ്ങിയിടങ്ങളിലുള്ള കുപ്പത്തൊട്ടികളില്‍ ഉപേക്ഷിക്കുകയായിരുന്നു.

കോര്‍പ്പറേഷന്‍ ശുചീകരണത്തൊഴിലാളികളാണ് പള്ളിക്കരണിയില്‍ മാലിന്യം ശേഖരിക്കുന്നിടത്ത് നിന്ന് വലതുകൈയും രണ്ട് കാലുകളും കണ്ടെടുത്തത്. ഇത് 30നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീയുടേതാണെന്ന് അനുമാനിച്ച പള്ളിക്കരണി പൊലീസ് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം നല്‍കി. മകളെ കാണാനില്ലെന്ന് സന്ധ്യയുടെ അമ്മ തൂത്തുക്കുടി പൊലീസില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്ന അടയാളമാണ് കേസ് അന്വേഷണത്തിലെ തുമ്പായത്. കൈയില്‍ ശിവപാര്‍വതിരൂപം പച്ചകുത്തിയതായിരുന്നു അടയാളം.

ചോദ്യംചെയ്യലില്‍ ബാലകൃഷ്ണന്‍ പരസ്പരവിരുദ്ധമായി മറുപടി പറഞ്ഞതോടെയാണ് പൊലീസിന്‍റെ സംശയം ബലപ്പെട്ടത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സന്ധ്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നും ഇതാണ് തങ്ങള്‍ക്കിടയിലെ വഴക്കിന് കാരണമെന്നും ഇയാള്‍ മൊഴിനല്‍കി. ബാലകൃഷ്ണനില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ] അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ അഡയാര്‍ നദീതീരത്തുനിന്ന് സന്ധ്യയുടെ ഇടുപ്പുമുതല്‍ കാല്‍മുട്ട് വരെയുള്ള ഭാഗങ്ങള്‍ കണ്ടെടുത്തു.  തലയടക്കമുള്ള ഭാഗങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്.

prp

Related posts

Leave a Reply

*