ടെലിവിഷന്‍ അവതാരകന്‍ ഭാര്യയെ കൊന്നത് ഭൂതകാലത്തെ കുറിച്ച്‌ പുറത്ത് പറയുമോ എന്ന് ഭയന്ന്

ന്യൂഡല്‍ഹി:  പ്രശസ്തിയുടെ കൊടുമുടിയില്‍നില്‍ക്കെ, ഭൂതകാലത്തെ കുറിച്ച്‌ പുറത്ത് പറയുമോ എന്ന് ഭയന്ന്  സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ടി വി അവതാരകന്‍ ശിക്ഷിക്കപ്പെട്ടത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം. ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന പരിപാടിയിലൂടെ പ്രശസ്തനായ ഇല്യാസി ഭാര്യയെ കൊലപ്പെടുത്തിയത് തന്‍റെ കള്ളത്തരങ്ങള്‍ ഭാര്യ വെളിപ്പെടുത്തുമോ എന്ന ആശങ്കയിലാണെന്ന് ശിക്ഷ വിധിച്ചുകൊണ്ട് ഡല്‍ഹി കോടതി വ്യക്തമാക്കി.

ഇല്യാസിയുടെ കൈയില്‍ രണ്ട് വ്യാജ പാസ്പോര്‍ട്ടുകളുണ്ടായിരുന്നുവെന്നും വ്യാജ ഡിഗ്രിയാണ് ഇയാളുടെ പക്കലുണ്ടായിരുന്നതെന്നും കോടതി വ്യക്തമാക്കി. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പും ഇയാള്‍ നടത്തിയിരുന്നു. ചാനല്‍ പ്രൊഡ്യൂസറെന്ന നിലയ്ക്ക് പ്രശസ്തനായതോടെ, ഭാര്യ അഞ്ജുവുമായുള്ള ഇയാളുടെ ബന്ധം വഷളായിരുന്നുവെന്നും കോടതിയുടെ വിധിന്യായത്തില്‍ പറയുന്നു.

ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് സൂപ്പര്‍ ഹിറ്റായതോടെ അഞ്ജുവിനെ ഒഴിവാക്കാനുള്ള ശ്രമം ഇയാള്‍ നടത്തിയിരുന്നു.വ്യാജ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തറിയുമോ എന്നുള്ള ആശങ്ക ശക്തമായിരുന്നു. കാനഡയില്‍ സ്ഥിരതാമസമാക്കാന്‍ ഇതിനിടെ അഞ്ജുവും തീരുമാനിച്ചിരുന്നു.

ഈ ഘട്ടത്തിലാണ് തന്‍റെ കരിയര്‍ സംരക്ഷിക്കാനായി ഇല്യാസി ഭാര്യയെ കൊലപ്പെടുത്തിയതെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ്.കെ.മല്‍ഹോത്ര പറഞ്ഞു. ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന ഇല്യാസിയുടെ വാദം കോടതി അംഗീകരിച്ചില്ല. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമെ, രണ്ടുലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അഞ്ജുവിന്റെ മാതാപിതാക്കള്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

prp

Related posts

Leave a Reply

*