പൊലീസിനെതിരെ കല്ലേറില്‍ പരിക്കേറ്റ് മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്‍റെ കുടുംബം രംഗത്ത്

പത്തനംതിട്ട: പന്തളത്ത് ശബരിമല കര്‍മ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ സിപിഐഎം ഓഫീസിന് മുകളില്‍ നിന്നുണ്ടായ കല്ലേറില്‍ പരിക്കേറ്റ് മരിച്ച കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍റെ കുടുംബം പൊലീസിനെതിരെ രംഗത്ത്.

പൊലീസിന്‍റെ നിസംഗതയാണ് ഉണ്ണിത്താന്‍റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. സംഘര്‍ഷ സാദ്ധ്യത ഉണ്ടായിരുന്നിട്ടും പൊലീസ് മുന്‍കരുതലെടുത്തില്ല. പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വിജയമ്മ ആവശ്യപ്പെട്ടു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ ഉണ്ണിത്താന്‍ ഏറെ മനോവിഷമത്തിലായിരുന്നു. അദ്ദേഹം ശബരിമല കര്‍മ്മ സമിതിയില്‍ സജീവപ്രവര്‍ത്തകനായിരുന്നെന്നും വിജയമ്മ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ രാത്രി തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. പന്തളത്ത് ഇന്നലെ വൈകീട്ട് ശബരിമല കര്‍മ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനു നേരെ സി പി.എം ഓഫീസിന് മുകളില്‍ നിന്നുണ്ടായ കല്ലേറില്‍ പരിക്കേറ്റാണ് ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ ഉണ്ണിത്താന്‍ മരിച്ചത്. കല്ലേറില്‍ പരിക്കേറ്റ 10 പേരില്‍ സിവില്‍ പൊലീസ് ഓഫീസറടക്കം 3 പേരുടെ നില ഗുരുതരമാണ്.

കല്ലേറില്‍ ഒരു കെഎസ്ആര്‍ടിസി ബസിന്‍റെചില്ലുകളും തകര്‍ന്നു. ചന്ദ്രന്‍ ഉണ്ണിത്താന്‍റെ മൃതശരീരം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബേക്കറി തൊഴിലാളിയായിരുന്നു ചന്ദ്രന്‍ ഉണ്ണിത്താന്‍. ഒരു മകളുണ്ട്. ബിജെപി സംസ്ഥാന നേതാക്കള്‍ എത്തിയ ശേഷമായിരിക്കും അന്ത്യോപചാര ചടങ്ങുകള്‍ നടക്കുക. ബിജെപി സിപിഐഎം സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*