ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാര്‍ ആരായാലും വെറുതെ വിടില്ലെന്ന് ബെഹ്‌റ

തിരുവനന്തപുരം : വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദികള്‍ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശ്രീജിത്തിന്‍റെ മരണത്തില്‍ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. അത് ക്വാസി ജുഡീഷ്യല്‍ പ്രക്രിയയാണ്. അതുകൊണ്ടുതന്നെ മുന്‍വിധിയോടെ പ്രസ്താവന നടത്തുന്നത് ശരിയല്ല.

കേസന്വേഷണത്തില്‍ മികവു തെളിയിച്ച സംഘമാണ് ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം അന്വേഷിക്കുന്നത്. തങ്ങളെ ബലിയാടാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച്‌ കൊണ്ടുള്ള ആര്‍ടിഎഫുകാരുടെ വീഡിയോ സന്ദേശം പുറത്തുവന്നതായി അറിഞ്ഞു. അത് നേരില്‍ കണ്ടില്ല. ഇത് ലഭിച്ചാല്‍ അതും പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. സ്വതന്ത്രവും നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടത്താനാണ് താന്‍ പൊലീസ് സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് ബെഹ്‌റ പറഞ്ഞു.

റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള ടൈഗര്‍ഫോഴ്‌സാണ് ശ്രീജിത്തിനെ പിടിച്ചുകൊണ്ടുപോയത്. അതുകൊണ്ട് എസ്പിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്ന ശ്രീജിത്തിന്‍റെ വീട്ടുകാരുടെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍, ഇക്കാര്യവും പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. ഇരയുടെ ബന്ധുക്കളുടെ ആക്ഷേപങ്ങളും പരാതികളും വിശദമായി പരിശോധിക്കും. കുറ്റക്കാര്‍ ആരായാലും വെറുതെ വിടില്ലെന്നും ഡിജിപി ആവര്‍ത്തിച്ചു.

ഇന്ന് നടക്കുന്ന ഉന്നതതലയോഗം പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ചായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക. നിലവിലെ സംഭവവികാസങ്ങളും, ലോ ആന്റ് ഓര്‍ഡറുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയാകുക സ്വാഭാവികമാണെന്നും ഡിജിപി വ്യക്തമാക്കി.

prp

Related posts

Leave a Reply

*