ശബരിമലയിലെ നിരോധനാജ്ഞ: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി:ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്‍റെ ചോദ്യം.

ഇക്കാര്യത്തില്‍ ഉച്ചയ്ക്ക് 1.30ന് വിശദീകരണം നല്‍കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയില്‍ എത്തുന്ന ഭക്തരെയും പ്രതിഷേധക്കാരെയും പോലീസ് എങ്ങനെ തിരിച്ചറിയും. ആര്‍ക്കൊക്കെയാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ബാധകമാവുക തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചിട്ടുണ്ട്.

അതിനിടെ ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സമയ നിയന്ത്രണം ചോദ്യം ചെയ്ത് പ്രത്യേക അപേക്ഷയും ഹൈക്കോടതിക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. ആറ് മണിക്കൂര്‍ കൊണ്ട് ദര്‍ശനം നടത്തി മലയിറങ്ങണമെന്ന പോലീസിന്‍റെ നിബന്ധനയാണ് അപേക്ഷയില്‍ ചോദ്യം ചെയ്യുന്നത്. ഹിന്ദു ഐക്യവേദി നേതാവ് കെ. പി. ശശികലയ്ക്ക് കഴിഞ്ഞ ദിവസം ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

മുന്‍പ് ഒരു ദിവസം വരെ ഭക്തര്‍ക്ക് സന്നിധാനത്ത് തങ്ങാന്‍ അവസരമുണ്ടായിരുന്നു. പോലീസ് നിലവില്‍ ആറ് മണിക്കൂറാക്കി ഇത് നിജപ്പെടുത്തിയിരിക്കുകയാണ്. ഈ നിയന്ത്രണം മാറ്റണമെന്നാണ് അപേക്ഷയിലെ പ്രധാന ആവശ്യം. ഇക്കാര്യവും കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

prp

Related posts

Leave a Reply

*