നോട്ട് നിരോധനം പ്രയോഗിച്ചത് അഴിമതിയെ ചികിത്സിക്കാന്‍: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബാങ്കിംഗ് സിസ്റ്റത്തിലേക്ക് പണം തിരികെ എത്തിക്കാനാണ് നോട്ട് നിരോധനമെന്ന കടുപ്പമേറിയ മരുന്ന് പ്രയോഗിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ അടിവേരുകളെ ചൂഴ്ന്ന അഴിമതിയെ ചികിത്സിക്കാനാണ് ഇത് നല്‍കിയത്. നവംബര്‍ 28ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാബുവയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്‍റെ സര്‍ക്കാര്‍ 14 കോടി ജനങ്ങള്‍ക്ക് ലോണ്‍ നല്‍കിയതായും ഗ്യാരണ്ടി ഇല്ലാതെ പ്രധാനമന്ത്രി മുദ്ര യോജന പ്രകാരമാണ് ഇത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷം കോണ്‍ഗ്രസ് ചെയ്യാത്ത പ്രവര്‍ത്തനങ്ങള്‍ നാല് വര്‍ഷം കൊണ്ട് ബിജെപി നയിക്കുന്ന സര്‍ക്കാര്‍ നടപ്പാക്കി. മധ്യപ്രദേശില്‍ സംസ്ഥാനത്തിന്‍റെ വികസനത്തെക്കുറിച്ച് ചിന്തിക്കാത്ത കോണ്‍ഗ്രസിന്‍റെ സര്‍ക്കാരിനെ ജനങ്ങള്‍ക്ക് ആവശ്യമില്ല.

കോണ്‍ഗ്രസ് മധ്യപ്രദേശില്‍ 55 വര്‍ഷം ഭരിച്ചു. 1500 സ്‌കൂളുകളാണ് ഇക്കാലയളവില്‍ നിര്‍മ്മിച്ചത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ നേതൃത്വത്തില്‍ 15 വര്‍ഷം കൊണ്ട് 4000 സ്‌കൂളുകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുകയെന്നതാണ് തങ്ങളുടെ മന്ത്രം.

കര്‍ണ്ണാടകത്തില്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് വാറണ്ട് അയച്ച് അവരെ ജയിലില്‍ അയയ്ക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

prp

Related posts

Leave a Reply

*