ആ വലിയ ശബ്ദത്തോടെ എല്ലാം അവസാനിച്ചിരുന്നു: വീരമൃത്യു വരിച്ച ജവാന്‍ പ്രദീപ് സിങ് യാദവിന്‍റെ ഭാര്യയുടെ വാക്കുകള്‍

കാണ്‍പൂര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ പ്രദീപ് സിങ് യാദവിന്‍റെ ഭാര്യ നീരജ് ദേവിയുടെ ആ കറുത്ത ദിനത്തില്‍ നടന്ന കാര്യങ്ങള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ ഓര്‍ക്കുകയാണ്

‘അദ്ദേഹത്തോട് സംസാരിക്കുന്ന വേളയില്‍ വലിയൊരു ശബ്ദം ഞാന്‍ കേട്ടു. അല്പസമയം കഴിഞ്ഞപ്പോള്‍ മറുവശത്ത് നിശബ്ദത മാത്രമായിരുന്നു. പിന്നെ ഒന്നും കേട്ടില്ല. കോള്‍ കട്ടായി. എന്തോ നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്ന് എനിക്ക് തോന്നി. പിന്നീട് നിരവധി തവണ ഞാന്‍ അദ്ദേഹത്തെ വിളിക്കാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു’

ഫോണ്‍ വരുന്ന സമയത്ത് നീരജ് ദേവി അറിഞ്ഞിരുന്നില്ല 60 കിലോയോളം അത്യുഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളുമായി ഒരു ഭീകരന്‍ തന്‍റെ ഭര്‍ത്താവ് സഞ്ചരിച്ച ബസിനു നേര്‍ക്ക് പാഞ്ഞു വന്നുകൊണ്ടിരിക്കുകയായിരുന്നുവെന്ന്. ആക്രമണം നടന്ന ദിവസം വൈകിട്ട് സിആര്‍പിഎഫ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് നീരജ് ദേവിയ്ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. തന്‍റെ ഭര്‍ത്താവ് ഉള്‍പ്പെടെ 40 സിആര്‍പിഎഫ് ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിവരമായിരുന്നു ഫോണിന്‍റെ അങ്ങേതലയ്ക്കല്‍ നിന്നും അവര്‍ക്ക് കിട്ടിയത്.

പ്രദീപ് സിങിനും നീരജ് ദേവിക്കും രണ്ട് പെണ്‍മക്കളാണുള്ളത്. പത്തുവയസുകാരി സുപ്രിയയും രണ്ട് വയസുള്ള സോനയും. ‘അദ്ദേഹത്തിന് സോനയെ വലിയ ഇഷ്ടമായിരുന്നു. അവസാനമായി അദ്ദേഹം എന്നോട് സംസാരിച്ചപ്പോഴും സോനയുടെ കാര്യമാണ് അന്വേഷിച്ചത്’ നീരജ് ദേവി കണ്ണീരോടെ ഓര്‍ക്കുന്നു. പ്രദീപ് സിങ് യാദവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

prp

Related posts

Leave a Reply

*