‘സേഫ് സോണിലിരുന്ന് സോഷ്യല്‍ മീഡിയ വഴി പോര്‍ വിളി മുഴക്കുന്നവര്‍ക്ക് അറിയില്ല അവരുടെ ഉള്ളിലെ തീ’; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: അതിര്‍ത്തിയില്‍ നിന്നും അശാന്തിയുടെ വാര്‍ത്തകളാണ് പുറത്തു വരുന്നത്. തീവ്രവാദത്തിന് വെള്ളവും വളവും നല്‍കുന്ന പാക് നിലപാട് യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് വഴിതെളിക്കുന്നത്.

സോഷ്യല്‍ മീഡിയയിലടക്കം പാകിസ്ഥാനെതിരെയുള്ള പോര്‍വിളികള്‍ വേണമെന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തില്‍ ഓരോ യുദ്ധമുഖങ്ങളും നമുക്ക് സമ്മാനിക്കുന്ന നഷ്ടങ്ങള്‍ എന്തെന്നും അതിന്‍റെ ആഘാതം അത്രത്തോളമായിരിക്കുമെന്നും കുറിക്കുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

”യുദ്ധം തുടങ്ങിയിട്ടില്ല…

ഗാലറിയിലിരുന്ന് കളി കാണുന്ന ഇന്ത്യക്കാരും പാക്കിസ്ഥാനികളും ട്വിറ്ററില്‍ ആക്രോശിച്ചിട്ടും യുദ്ധം തുടങ്ങിയിട്ടില്ല. ഹാഷ് ടാഗുകളുപയോഗിച്ച്, ആവേശം നിറയ്ക്കാന്‍ പട്ടാളവേഷം വരെ ധരിച്ച് ന്യൂസ് റൂമുകളില്‍ ആങ്കര്‍മാര്‍ നിറഞ്ഞാടിയിട്ടും യുദ്ധം തുടങ്ങിയിട്ടില്ല.

അര്‍ണബ് ഗോസ്വാമിമാര്‍ സച്ചിനെയും കപില്‍ ദേവിനെയുമടക്കം ഹാഷ് ടാഗ് ആക്രമണത്തിലൊതുക്കി കണ്ടുനിന്നവരെയും കേട്ടുനിന്നവരെയുമടക്കം രാജ്യദ്രോഹിപ്പട്ടം നല്‍കി പ്രതികാരം പ്രതികാരമെന്ന് ആര്‍പ്പുവിളിച്ചിട്ടും യുദ്ധം തുടങ്ങിയിട്ടില്ല.

ഫുട്‌ബോള്‍ മല്‍സരം കാണുന്ന ലാഘവത്തില്‍ ‘ ഇന്ത്യ സ്‌ട്രൈക്ക്‌സ് ‘ എന്നും ‘ പാക്കിസ്ഥാന്‍ സ്‌ട്രൈക്ക്‌സ്’ എന്നും ‘ ഇന്ത്യ സ്‌ട്രൈക്ക്‌സ് ബാക്ക് ‘ എന്നും ഹാഷ് ടാഗ് നിരത്തിയിട്ടും യുദ്ധം തുടങ്ങിയിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടും നടന്ന ചെറിയ ചെറിയ ഉരസലുകളുടെ പ്രത്യാഘാതം മാത്രമാണ് ഇതുവരെ കണ്ടത്.

ആ ഒരവസ്ഥയില്‍പ്പോലും വീഴുന്നത് ജീവനാണെന്ന് മനസിലാക്കുന്നവര്‍ക്കെങ്കിലും ഏറ്റവും ചുരുങ്ങിയത് ഉള്ളില്‍ തീയാണ്. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നവരുടെ വീട്ടുകാര്‍ക്കെങ്കിലും ഭയമാണ്. കാണാതായെന്ന് പേര് കേള്‍ക്കുന്ന പൈലറ്റിന്‍റെ വീട്ടില്‍ വീഴുന്നതും കണ്ണുനീരാണ്.

അപ്പൊഴാണ് സേഫ് സോണിലിരുന്ന്, ഇന്ത്യയില്‍ പോലും താമസിക്കുന്നില്ലെങ്കിലും, യു.കെയിലോ യു.എസിലോ യു.എ.ഇയിലോ ശീതീകരിച്ച മുറിയിലിരുന്ന് സോഷ്യല്‍ മീഡിയയില്‍ ആറ്റം ബോംബിട്ട് പുകച്ചുകളയുന്നതിനെക്കുറിച്ച് കമന്റിട്ട് ആവേശഭരിതരാവുന്നത്.

പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്ന് അസാധാരണമാം വിധം സമചിത്തതയുള്ള ഒരു ക്ഷണമാണുണ്ടായിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” “I ask India: With the weapons you have and the weapons we have, can we really afford a miscalculation? If this escalates, it will no longer be in my control or in Modi’s.” Mr Khan said in a hit at the nuclear capabilities of both nations. “We invite you for dialogue… better sense must prevail,” he added. ”

( ഇന്ത്യയോട് ഞാന്‍ ചോദിക്കുകയാണ്. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമുള്ള ആയുധങ്ങളെ കണക്കിലെടുക്കുമ്പോള്‍ ഒരു പിഴവ് നമുക്ക് താങ്ങാനാവുമോ? സ്ഥിതി രൂക്ഷമായാല്‍ എന്‍റെയോ മോദിയുടെയോ പിടിയിലൊതുങ്ങിയെന്ന് വരില്ല ഇത്. ഞങ്ങള്‍ നിങ്ങളെ ഒരു ചര്‍ച്ചയ്ക്ക് വിളിക്കുകയാണ്. സുബോധം നിലനില്‍ക്കണം…)

യുദ്ധം ഏത് വിധേനയും ഒഴിവായേ തീരൂ…
സാധിക്കുന്ന സമയത്തോളം..”

prp

Related posts

Leave a Reply

*