എന്നെ സ്‌നേഹിക്കുന്നുവെന്ന് കള്ളം പറഞ്ഞതാണ്, എന്നെക്കാളേറെ സ്‌നേഹിച്ചത് രാജ്യത്തെ; വീരമൃത്യു വരിച്ച മേജര്‍ ഠൗണ്ഡിയാലിന്‍റെ ഭാര്യ

ഡെറാഡൂണ്‍: എന്നെ സ്‌നേഹിക്കുന്നുവെന്ന് കള്ളം പറഞ്ഞതാണ്. എന്നെക്കാളേറെ സ്‌നേഹിച്ചത് രാജ്യത്തെയാണ്. വീരമൃത്യു വരിച്ച മേജര്‍ വിഭൂതി ശങ്കര്‍ ഠൗണ്ഡിയാലിന്‍റെ ഭാര്യ നിതിക കൗളിന്‍റെ വാക്കുകളാണിത്. അന്ത്യ ചുംബനം നല്‍കിയും സല്യൂട്ട് അടിച്ചും ഭര്‍ത്താവിനെ യാത്രയാക്കുന്നതിനിടെ ആ മുഖത്ത് നോക്കി അവസാനമായി നിതിക പറഞ്ഞ വാക്കുകള്‍ രാജ്യം നിറകണ്ണുകളോടെയാണ് കേട്ടത്.

എന്നെ സ്‌നേഹിച്ചിരുന്നുവെന്ന് നിങ്ങളേന്നോട് കള്ളം പറഞ്ഞതാണ് നിങ്ങളെന്നേക്കാളും സ്‌നേഹിച്ചത് രാജ്യത്തെയാണ്. അതില്‍ ഞാന്‍ അസൂയപ്പെടുന്നു. എന്നാല്‍ അതിലെനിക്കൊന്നും ചെയ്യാനാകുമായിരുന്നില്ലെന്ന് കണ്ണില്‍നിന്ന് വീഴുന്ന കണ്ണീര്‍ തുള്ളികള്‍ തുടച്ചുമാറ്റി നിതിക പറഞ്ഞു.

ഞങ്ങളെല്ലാവരും നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്. നിങ്ങള്‍ രാജ്യത്തിന് വേണ്ടി നിങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചു. അത്രമാത്രം ധൈര്യശാലിയായ ഒരാളാണ് നിങ്ങള്‍. നിങ്ങളെ എന്‍റെ ഭര്‍ത്താവായി കിട്ടിയതില്‍ ഞാന്‍ ബഹുമാനിക്കുന്നു. എന്‍റെ അവസാന ശ്വാസം വരെ ഞാന്‍ നിങ്ങളെ സ്‌നേഹിക്കും. നിങ്ങള്‍ വിട്ട് പോകുന്നത് വളരെ വേദനാജനകമാണ്. പക്ഷേ എനിക്കറിയാം നിങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകും.

ആരും അനുതാപം കാണിക്കരുത്. പകരം നമ്മള്‍ വളരെ ശക്തരാവുകയാണ് വേണ്ടത്. എല്ലാവരും സല്യൂട്ട് ചെയ്യുക എന്ന് പറഞ്ഞ് ധീരനായ മേജര്‍ക്ക് മികച്ചൊരു സല്യൂട്ട് ചെയ്താണ് നിതിക ഭര്‍ത്താവിനെ യാത്രയാക്കിയത്. നികിതയുടെ വികാരനിര്‍ഭരമായ യാത്രയയപ്പ് കണ്ടുനിന്ന സൈനിക ഉദ്യോഗസ്ഥരുടെ കണ്ണുകളെ പോലും ഈറനണിയിച്ചു.

ഠൗണ്ഡിയാലിന്‍റെ ചിത്രങ്ങളും വന്ദേമാതരം, ഭാരത് മാതാ കി ജയ് എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചും നൂറുകണക്കിന് ആളുകളാണ് മേജര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. മേജറുടെ അമ്മ സരോജ് ഠൗണ്ഡിയാല്‍, സഹോദരിമാര്‍, മുക്യമന്ത്രി തിവേന്ദ്ര റാവത്ത്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

തിങ്കളാഴ്ച രാവിലെയാണ് ഠൗണ്ഡിയാലിന്‍റെ മൃതദേഹം ഡെറാഡൂണിലെ വസതിയിലെത്തിച്ചത്. പിന്നീട് പൊതുദര്‍ശനത്തിന് വച്ചതിനുശേഷം മൃതദേഹം അന്തിമ കര്‍മ്മങ്ങള്‍ക്കായി ഹരിദ്വാറിലേക്ക് കൊണ്ടുപോയി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീര്‍ താഴ്‌വരയില്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഠൗണ്ഡിയാല്‍ കൊല്ലപ്പെട്ടത്. പോരാട്ടത്തില്‍ മേജര്‍ ഠൗണ്ഡിയാല്‍ അടക്കം നാല് ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

prp

Related posts

Leave a Reply

*