പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്‍റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വി വി വസന്തകുമാറിന്‍റെ കുടുംബത്തെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി. ഒമ്പത് മണിക്ക് വസന്തകുമാറിനയെ തൃക്കൈപറ്റയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും ഇ പി ജയരാജനും ഉണ്ടായിരുന്നു.

വസന്തകുമാറിന്‍റെ കുടുംബവുമായി സംസാരിച്ച മുഖ്യമന്ത്രി എല്ലാ സഹായങ്ങളും പിന്തുണയും വാഗ്ദാനം ചെയ്തു. വസന്തകുമാറിന്‍റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.വയനാട് വെറ്റിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയായ ഷീനയ്ക്ക് യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റ് തസ്തികയില്‍ ജോലി നല്‍കാനായിരുന്നു തീരുമാനം. ഇതില്‍ താല്‍പര്യമില്ലെങ്കില്‍ എസ് ഐ തസ്തികയില്‍ ജോലി നല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എന്നാല്‍ നിലവിലെ ജോലി തന്നെ ചെയ്യാനാണ് താത്പര്യമെന്ന് വസന്തകുമാറിന്‍റെ ഭാര്യ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനങ്ങളില്‍ പൂര്‍ണ്ണ തൃപ്തയാണെന്നും ഷീന മാധ്യമങ്ങളോട് പറഞ്ഞു.വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വസന്തകുമാറിന്‍റെ അമ്മയ്ക്ക് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് 15 ലക്ഷം രൂപയും നല്‍കാനാണ് മന്ത്രി സഭായോഗം തീരുമാനിച്ചത്.

കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കാനും വസന്തകുമാറിന്‍റെ രണ്ട് മക്കളുടെയും ഇനിയുള്ള പഠന ചിലവുകളും വഹിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.കുട്ടികളുടെ പഠനകാര്യത്തില്‍ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെടുമെന്നും വീട്ടിലേക്കുള്ള വഴിയുടെ കാര്യത്തിലടക്കം സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുമെന്നും മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നല്‍കി.

prp

Related posts

Leave a Reply

*