ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; മത്സ്യതൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച്‌ ലക്ഷദ്വീപ് തീരത്തേക്ക് വരുന്നു. മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിന്‍റെ വേഗത. 80-100 കിലോമീറ്റര്‍ വേഗത്തില്‍ കേരളത്തീരത്തും വീശും. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തു നിന്ന് 150 കിലോമീറ്റര്‍ അകലെയാണ്.

കടലില്‍  പോയ മത്സ്യതൊഴിലാളികളില്‍ 150 ഓളം പേര്‍ കടലില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട് . 15 പേരെ മാത്രമാണ് തിരിച്ച്‌ കൊണ്ടുവരാനായത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

കടല്‍ പ്രക്ഷുബ്ദമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നില്ല. തിരുവനന്തപുരം പൂന്തുറയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ നിരവധി വള്ളങ്ങള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. അതിനിടയില്‍ വേളിയില്‍ മത്സ്യബന്ധനബോട്ട് കരയ്ക്കടിഞ്ഞത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തൊഴിലാളികളെ കുറിച്ച് ഒരു വിവരവുമില്ല.

മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ രാത്രിയാത്രാ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് വൈകിട്ട് ആറു മുതല്‍ രാവിലെ ഏഴുവരെയുള്ള സമയം യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടവുമുണ്ടായി.

അതേസമയം ഓഖി ചുഴലികാറ്റിന്‍റെ ശക്തി കേരളത്തില്‍ കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ലക്ഷദ്വീപില്‍ ആഞ്ഞടിക്കാനാണ് സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലക്ഷദ്വീപില്‍ നിന്ന് കാറ്റ് ഗതിമാറി ഗുജറാത്ത് തീരത്തെത്തുമെന്നാണ് വ്യക്തമാകുന്നത്. മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ആഞ്ഞ് വീശിയേക്കാം.

 

 

 

prp

Related posts

Leave a Reply

*