ശബരിമല ദര്‍ശനത്തിന് ഡിജിറ്റല്‍ ബുക്കിംഗ് ഏര്‍പ്പെടുത്തും; സ്‌ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും

തിരുവനന്തപുരം: ശബരിമലയില്‍ സ്‌ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏറ്റവും ഭംഗിയായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും ഉന്നതാധികാര സമിതിയോഗത്തിനു ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സന്നിധാനത്തെയും മറ്റും തിരക്ക് ഒഴിവാക്കാനായി ഇത്തവണ മുതല്‍ ഡിജിറ്റല്‍ സമ്ബ്രദായം ഏര്‍പ്പെടുത്തും. മറ്റ് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും ഡിജിറ്റല്‍ ബുക്കിംഗ് ഉള്ളതുകൊണ്ട് തിരക്കുള്ള ദിവസങ്ങളില്‍ സ്വയം ചെന്ന് പെടാതിരിക്കാനായിട്ട് ബുക്ക് ചെയ്യുന്ന ആളുകള്‍ക്ക് സാധിക്കാറുണ്ട്. അത് ഇപ്രാവശ്യം ശബരിമലയില്‍ പ്രയോഗത്തിലേക്ക് വരുത്താനാണ് ശ്രമിക്കുന്നത്. ഇതിനായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

നിലയ്‌ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള ബസുകളുടെ യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താനായി സംവിധാനമൊരുക്കിയിട്ടുണ്ട്. 25 ശതമാനം സംവരണം എല്ലാ ബസുകളിലും സ്‌ത്രീകള്‍ക്ക് ഏര്‍പ്പെടുത്തും.

സന്നിധാനത്ത് ആളുകള്‍ താമസിക്കുന്നത് വലിയ തിരക്കുണ്ടാക്കാന്‍ കാരണമാകുന്നുണ്ട്. അതുകൊണ്ട് അവിടെ താമസിക്കുന്നത് ഒഴിവാക്കണമെന്ന് ഭക്തരോട് ആവശ്യപ്പെടും. കുടിവെള്ള സൗകര്യത്തിനായി കൂടുതല്‍ ടാങ്കുകള്‍ ഏര്‍പ്പെടുത്തും.

സേനാംഗങ്ങളുടെ കൂട്ടത്തില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തും. ഭക്തരുടെ സുരക്ഷയ്‌ക്കായി സ്‌ത്രീ പൊലീസിനെയും അധികമായി നിയമിക്കും. ആവശ്യം വന്നാല്‍ സ്‌ത്രീ പൊലീസുകാരെ അയച്ചു തരാമെന്ന് സമീപ സംസ്ഥാനങ്ങള്‍ ഡിജിപിയെ അറിയിച്ചിട്ടുണ്ട്.

സാധാരണ പമ്പയില്‍ 50 വയസുകഴിഞ്ഞ സ്ത്രീകളും പത്തുവയസിനു താഴെയുള്ള പെണ്‍കുട്ടികളും കുളിക്കാറുണ്ട്. അവര്‍ക്ക് പ്രത്യേകം കടവ് തന്നെയാണുള്ളത്. അത് കുറച്ചുകൂടി വിപുലമാക്കും. സന്നിധാനത്തേക്കുള്ള വഴിയില്‍ വെളിച്ചത്തിന്‍റെ കുറവുകളുണ്ടെങ്കില്‍ അതും പരിഹരിക്കും. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകുന്ന വഴിയില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ പ്രത്യേകം സ്ഥാപിക്കും.

എട്ടും പത്തും മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടിവരും. അതിന് താല്‍പര്യമുള്ളവര്‍ മാത്രമേ വരാവൂവെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

prp

Related posts

Leave a Reply

*