വിവാഹേതര ബന്ധത്തെ സുപ്രീം കോടതി വിധി ചൂണ്ടി ന്യായീകരിച്ചു; ഭാര്യ ആത്മഹത്യ ചെയ്തു

ചെന്നൈ: വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന കോടതി വിധി ചൂണ്ടിക്കാട്ടി ഭര്‍ത്താവ് അവിഹിത ബന്ധത്തെ ന്യായീകരിച്ചതില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി. ചെന്നൈയിലെ എംജിആര്‍ നഗറില്‍ താമസിക്കുന്ന പുഷ്പലത (24) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ജോണ്‍ പോളിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ സംശയിച്ചിരുന്നു. ഈ വിഷയത്തില്‍ തര്‍ക്കിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

വിവാഹേതര ബന്ധം കുറ്റമല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ കേസിന് പോയിട്ട് ഒരു ഗുണവുമില്ലെന്നും ഭര്‍ത്താവ് പറഞ്ഞതാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

ജോണ്‍പോളിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ വിശ്വസിച്ചിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോള്‍ ഇതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഈ ബന്ധം തുടര്‍ന്നാല്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പുഷ്പലത ഭീഷണിപ്പെടുത്തി. എന്നാല്‍ സുപ്രീം കോടതി വിധി അറിഞ്ഞില്ലേയെന്നും തന്നെ ഇനി ഒന്നും ചെയ്യാനാകില്ലെന്നും ജോണ്‍ പോള്‍ മറുപടി നല്‍കി. ഇതില്‍ മനം നൊന്ത് പുഷ്പലത വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.

സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന ജോണ്‍ പോളും പുഷ്പ ലതയും രണ്ടു വര്‍ഷം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളുണ്ട്. യുവതി ഭര്‍ത്താവിന്‍റെ അകല്‍ച്ചയില്‍ കടുത്ത നിരാശയിലായിരുന്നുവെന്നാണ് അടുപ്പക്കാര്‍ പറയുന്നത്. ടിബി രോഗിയായ പുഷ്പലത ഇതിന് മരുന്നു കഴിയ്ക്കുന്നുണ്ട്. രോഗം കണ്ടെത്തിയ ശേഷം ഭര്‍ത്താവ് തന്നില്‍ നിന്ന് അകലം പാലിക്കുന്നുവെന്ന് പുഷ്പലത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ഇതില്‍ ഇവര്‍ കടുത്ത നിരാശയിലായിരുന്നു.

prp

Related posts

Leave a Reply

*