ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ; വായ്പ തിരിച്ചടവിനുള്ള രേഖയില്‍ മകളുടേയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങിയെന്ന് പിതാവ്

നെയ്യാറ്റിന്‍കര: കാനറാ ബാങ്കില്‍ നിന്നും 16 വര്‍ഷം മുമ്പെടുത്ത ഭവനവായ്പ മുടങ്ങിയതിന്‍റെ പേരില്‍ ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ട് പോയതോടെ വൈഷ്ണവിയെന്ന പെണ്‍കുട്ടിയും അമ്മ ലേഖയും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടുങ്ങല്‍ മാറാതെ നെയ്യാറ്റിന്‍കര.

മഞ്ചവിളാകം മലയിക്കട വൈഷ്ണവി ഭവനില്‍ ചന്ദ്രന്‍ രുദ്രന്‍റെ ഭാര്യയും മകളുമാണ് ബാങ്ക് വീടൊഴിയാന്‍ നല്‍കിയ അവസാന ദിനത്തില്‍ ആത്മഹത്യ ചെയ്തത്. കോളേജ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. 90% പൊള്ളലേറ്റ ലേഖയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വായ്പാകുടിശ്ശിക അടയ്ക്കാത്തതിനെത്തുടര്‍ന്ന് ബാങ്കുകാര്‍ കോടതി ഉത്തരവുമായി ഒന്നരമാസം മുന്‍പ് ജപ്തിക്കായി എത്തിയിരുന്നു. എന്നാല്‍, നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ജപ്തി നിര്‍ത്തിവെച്ചു. ബാങ്കിലെ ബാധ്യത തീര്‍ക്കാനായി ആ വീടും പുരയിടവും വില്‍ക്കാനൊരുങ്ങിയതായിരുന്നു. ബാങ്കിന്‍റെ ഭീഷണി ഭയന്ന് 45 ലക്ഷത്തോളം വിലവരുന്ന വസ്തു പാതിവിലയ്ക്ക് വില്‍ക്കാന്‍ പോലും ഈ കുടുംബം തയ്യാറായിരുന്നു. എന്നാല്‍ വസ്തുവാങ്ങാമെന്ന് വാക്കുനല്‍കിയ ആള്‍ അവസാന നിമിഷം കാലുമാറിയതോടെ എല്ലാ പ്രതീക്ഷകളും ഇല്ലാതാവുകയായിരുന്നു.

അതേസമയം ഭാര്യയും മകളും ആത്മഹത്യ ചെയ്തത് കാനറ ബാങ്കിന്‍റെ നിരന്തര സമ്മര്‍ദ്ധമാണെന്ന് ആരോപിച്ചു ചന്ദ്രന്‍ രംഗത്തെത്തി. തന്‍റെ മകള്‍ വൈഷ്ണവി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. വായ്പ്പ തിരിച്ചടവിനുള്ള രേഖയില്‍ മകളുടേയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങി. മകളും ഒപ്പിടണമെന്ന് ബാങ്ക് അധികൃതര്‍ നിര്‍ബന്ധിച്ചുവെന്നും ചന്ദ്രന്‍ വ്യക്തമാക്കി. 
വായ്പ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ നിരന്തരം ഭാര്യ ലേഖയെ വിളിച്ചിരുന്നുവെന്നും ലേഖയുടെ ഫോണില്‍ ഇതിന്‍റെ തെളിവുണ്ടെന്നും ചന്ദ്രന്‍ വെളിപ്പെടുത്തി.

എന്നാല്‍ ചന്ദ്രന്‍റെ ആരാപണം നിഷേധിച്ച്‌ കനറ ബാങ്ക് അധികൃതര്‍ രംഗത്തെത്തി. വായ്പ തിരിച്ചടക്കണമെന്ന പേപ്പറില്‍ മരിച്ച വൈഷ്ണ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്‍റെ ഒപ്പ് വാങ്ങിയത്. സാക്ഷിയായി പോലും ബാങ്ക് അധികൃതര്‍ ഉണ്ടായില്ലെന്നുമാണ് വെളിപ്പെടുത്തല്‍.

prp

Related posts

Leave a Reply

*