രാജി ദിനത്തിൽ ചോദ്യംചെയ്യൽ; യാത്രയപ്പിൽ പൊട്ടിത്തെറിച്ച് മാത്യു ടി.തോമസ്

തിരുവനന്തപുരം: മാത്യു ടി.തോമസ് മന്ത്രിപദം രാജി വെച്ച് മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയുടെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തു. മാത്യു ടി.തോമസിന്‍റെ ഔദ്യോഗിക വസതിയിൽ വച്ചാണ് രണ്ടുമണിക്കൂറോളം ഭാര്യ അച്ചാമ്മയെ എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തത്.

വീട്ടുജോലിക്കാരിയെ ജാതിപ്പേര് വിളിച്ചു എന്ന പരാതിയിൻമേലായിരുന്നു ചോദ്യം ചെയ്യൽ. ഈ സമയം മാത്യു ടി തോമസ് തൈക്കാട് ഗസ്റ്റ്ഹൗസിൽ നിയുക്ത മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ചർച്ചയിലായിരുന്നു.

കൃഷ്ണൻകുട്ടി പക്ഷക്കാരിൽ ചിലരാണ് വീട്ടുജോലിക്കാരിയെ കൊണ്ട് മാത്യു ടി.തോമസിന്‍റെ ഭാര്യയ്ക്കെതിരെ പരാതി കൊടുപ്പിച്ചതെന്ന ആരോപണം പാർട്ടിയിൽ വ്യാപകമാണ്. ഇതേ തുടർന്ന് പാർട്ടിയിൽ രണ്ട് ചേരികൾ ശക്തമായിട്ടുണ്ട്.

രാജിവെച്ച മാത്യു ടി.തോമസിന് തിങ്കളാഴ്ച വൈകിട്ട് മസ്‌ക്കറ്റ് ഹോട്ടലിൽ വാട്ടർ അതോറിറ്റി, ഇറിഗേഷൻ, ജലനിധി എന്നീ വകുപ്പുകളിലെ എൻജിനീയർമാരുടെ സംഘടനകൾ യാത്രയയപ്പ് സംഘടിപ്പിച്ചിരുന്നു. സംഘാടകർ മാത്യു ടി തോമസിന്റെ ഭാര്യയെയും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പളുമായ പ്രൊഫ: അച്ചാമ്മയേയും ചടങ്ങിൽ പങ്കെടുപ്പിച്ചിരുന്നു. മന്ത്രിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ കാലം അനുസ്മരിച്ചു ഉദ്യോഗസ്ഥർ വികാരനിർഭരമായി പ്രസംഗിച്ചു :

“മുപ്പതു മാസമേ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ; ഞങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാകാത്ത കാലമാണീ മുപ്പത് മാസങ്ങൾ..” എഞ്ചിനീയർമാരിൽ ഒരാൾ പ്രസംഗിച്ചു. മാത്യു ടി.തോമസിന്‍റെ മറുപടി ഇങ്ങനെയായിരുന്നു-” നിങ്ങൾ പറഞ്ഞത് ശരിതന്നെ. മുപ്പത് മാസം ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞു. പക്ഷെ മുപ്പത് വർഷം എന്നോടൊപ്പം ജീവിച്ച ഭാര്യക്ക് ഞാൻ എന്തു പകരം നൽകിയെന്ന് ഈ ദിവസം ഓർത്തുപോകുന്നു. കള്ളക്കേസിൽ കുടുക്കി, കള്ള കഥകൾ പ്രചരിപ്പിച്ചു; ഇന്നും ചോദ്യം ചെയ്യൽ നടന്നു. മുപ്പത് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന്റെ പ്രതിഫലം കണ്ണീരും അപമാനവും….”

prp

Related posts

Leave a Reply

*