ലെനിന്‍ രാജേന്ദ്രന്‍റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; സംസ്‌കാരം നാളെ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍റെ മൃതദേഹം ഇന്ന് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഇന്നലെ രാത്രിയാണ് ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാളെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.

രണ്ടാഴ്ച മുമ്പ് ലെനിന്‍ കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്നുണ്ടായ അണുബാധയും അമിതമായി രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണകാരണം. രാവിലെ 9 മണിക്ക് ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ കോളെജില്‍ എംബാം ചെയ്ത ശേഷം മൃതദേഹം വൈകീട്ട് നാല് മണിക്കുള്ള വിമാനത്തില്‍ സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും.

ഊരൂട്ടമ്പലത്തെ വീട്ടിലും, കലാഭവനിലും പൊതുദര്‍ശനം ഉണ്ടാകും. ചികിത്സാചെലവ് അടയ്ക്കുന്നതിന്‍റെ പേരില്‍ മൃതദേഹം വിട്ട് നല്‍കാന്‍ ആശയക്കുഴപ്പം ഉണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.

1981ല്‍ വേനല്‍ എന്ന സിനിമയിലൂടെയാണ് ലെനിന്‍ രാജേന്ദ്രന്‍ മലയാള സിനിമാ രംഗത്തേക്ക് കാല്‍വയ്ക്കുന്നത്. എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലെ നവസിനിമയുടെ വക്താക്കളിലൊരാളായി ലെനിന്‍ രാജേന്ദ്രന്‍ ശ്രദ്ധേയനായി. വേനല്‍, ചില്ല്, പ്രേം നസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യന്‍, മഴക്കാല മേഘം, സ്വാതി തിരുന്നാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്‍റെ വികൃതികള്‍, കുലം മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ് എന്നിവയാണ് സിനിമകള്‍. ഭാര്യ ഡോ.രമണി , മക്കള്‍ പാര്‍വതി, ഗൗതമന്‍.

prp

Related posts

Leave a Reply

*