മുനമ്പം മനുഷ്യക്കടത്ത്; ഉപേക്ഷിക്കപ്പെട്ട നിലയില്‍ കൂടുതല്‍ ബാഗുകള്‍ കണ്ടെത്തി

കൊച്ചി: മുനമ്പം വഴിയുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കൂടുതല്‍ ബാഗുകള്‍ പോലീസ് കണ്ടെത്തി. കൊടുങ്ങല്ലൂരില്‍ നിന്നുമാണ് 23 ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൊച്ചി മുനമ്പം ഹാര്‍ബറിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നും ബാഗുകളും രേഖകളും കണ്ടെടുത്തതോടെയാണ് പോലീസ് ഇതേപ്പറ്റി അന്വേഷണം ആരംഭിച്ചത്.

സംഭവത്തെ പോലീസ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ദേശീയ അന്വേഷണ ഏജന്‍സികളും ഇതേപ്പറ്റി അന്വേഷണം തുടങ്ങിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദേവമാത എന്ന ബോട്ടില്‍ 40 പേരെ ഓസ്‌ട്രേലിയയിലേക്ക് കടത്താനായി നീക്കം നടന്നെന്ന് പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ആലുവ റൂറല്‍ എസ് പി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു.

വിമാനമാര്‍ഗം കൊച്ചിയിലെത്തിയ സംഘം ചെറായില്‍ 7 ദിവസം താമസിച്ചിരുന്നതിനുള്ള തെളിവുകള്‍ ലഭിച്ചതായും എസ് പി വ്യക്തമാക്കി. ഇവര്‍ കടന്ന ബോട്ടിന്‍റെ ഉടമസ്ഥരില്‍ ഒരു മലയാളിയുമുണ്ടെന്നാണ് വിവരം. അന്തര്‍ദേശീയ മനുഷ്യക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നില്ലെന്നാണ് പോലീസിന്‍റെ നിഗമനം. തീരദേശസേനയുടെ സഹായത്തോടെ പുറം കടലില്‍ ബോട്ടിനായി പ്രത്യേക തിരച്ചില്‍ നടക്കുന്നുണ്ട്. അതേ സമയം സംഭവത്തില്‍ എന്തെങ്കിലും തീവ്രവാദ ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രാവിലെയാണ് മുനമ്പം ഹാര്‍ബറിന് സമീപം ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കൂടി കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. പോലീസ് സ്ഥലത്തെത്തി ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഉണക്കിയ പഴവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍, കുടിവെള്ളം, ഫോട്ടോകള്‍, ഡെല്‍ഹി- കൊച്ചി വിമാന ടിക്കറ്റുകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ കണ്ടെത്തുകയും ചെയ്തു. വിമാനത്തില്‍ നിന്ന് വീണതാണെന്ന് ആദ്യം അഭ്യൂഹം പരന്നെങ്കിലും തുടര്‍ന്ന് നടത്തിയ അനേഷണത്തിലാണ് മനുഷ്യകടത്താണെന്ന നിഗമനത്തിലേക്കെത്തിയത്.

prp

Related posts

Leave a Reply

*