സൈബര്‍ പ്രചാരണത്തിന് തുടക്കമിട്ട് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് ലൈവ്; ശബരിമലയും വയല്‍ക്കിളി സമരവും ചര്‍ച്ചയായി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സൈബര്‍ പ്രചാരണത്തിന് തുടക്കമിട്ട് സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഫെയ്‌സ്ബുക്ക് ലൈവില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി എത്തിയത്.

‘കോടിയേരിയോട് ചോദിക്കാം’ എന്ന പരിപാടിയില്‍ സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സിപിഐഎം കേരളയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കോടിയേരി തത്സമയം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയാ ഇടപെടല്‍ പുതിയ വിപ്ലവമെന്ന് വിശേഷിപ്പിച്ചായിരുന്നു കോടിയേരിയുടെ ലൈവ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയ പ്രസക്തി ആമുഖമായി പറഞ്ഞുകൊണ്ടാണ് ചര്‍ച്ച തുടങ്ങിയത്.

മോദി സര്‍ക്കാറിനെ പുറത്താക്കി ഒരു മതനിരപേക്ഷ സര്‍ക്കാറിനെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിക്കണം. അതിന് ഇടതുപക്ഷത്തിന്‍റെ അംഗസംഖ്യ ലോക്‌സഭയില്‍ പരമാവധി വര്‍ധിപ്പിക്കേണ്ടതുണ്ട്. 2014 ല്‍ ഇടതുപക്ഷത്തിന് 62 സീറ്റുകള്‍ കിട്ടിയതാണ് വാജ്‌പേയി ഗവണ്‍മെന്‍റിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ണായകമായത്. അന്ന് കേരളത്തില്‍ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് 18 സീറ്റുകള്‍ ലഭിച്ചു. ആ ദൗത്യം 2019 ലും ജനങ്ങള്‍ ഏറ്റെടുക്കണം. ഇന്ന് ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉദാര വല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കുന്ന ഒരു സര്‍ക്കാരിന് പകരം ബദല്‍ നയം മുന്നോട്ടുവെക്കുന്ന ഒരു സര്‍ക്കാര്‍ ദേശീയ തലത്തില്‍ വരണം. അതിന് എല്ലാവരും സഹകരിക്കണമെന്നും കോടിയേരി ആമുഖമായി പറഞ്ഞു.

രാത്രി എട്ട് മണിക്കാണ് പരിപാടി ആരംഭിച്ചത്. തെരഞ്ഞെടുപ്പിന് മുന്നേ പുറത്തുവരുന്ന സര്‍വേ റിപ്പോര്‍ട്ടുകളെക്കുറിച്ചായിരുന്നു ആദ്യ ചോദ്യം. ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ ചര്‍ച്ചകള്‍ ആരംഭിച്ചതേയുള്ളുവെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ യാതൊരു യാഥാര്‍ത്ഥ്യവുമില്ലെന്നും കോടിയേരി മറുപടി നല്‍കി . ഇതിന് മുമ്പും വസ്തുതയ്ക്ക് നിരക്കാത്ത ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അതിന് വലിയ ഉദാഹരണമാണ് 2004 ലേത്. അന്ന് ഭൂരിഭാഗം സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രവചിച്ചത് യുഡിഎഫിന് 14 ഉം എല്‍ഡിഎഫിന് 6 ഉം സീറ്റായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ എല്‍ഡിഎഫിന് 18 ഉം യുഡുഎഫിന് 1 സീറ്റുമാണ് ലഭിച്ചത്. എല്ലാ സര്‍വേ റിപ്പോര്‍ട്ടുകള്‍ക്കും വിരുദ്ധമായിരുന്നു തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് 91 സീറ്റ് കിട്ടുമെന്ന് ആരും പ്രവചിച്ചിരുന്നില്ലെന്നും കോടിയേരി പറഞ്ഞു.

കീഴാറ്റൂരിലെ വയല്‍ക്കിളി സമരം ഒത്തുതീര്‍പ്പായതെങ്ങനെ എന്നായിരുന്നു അടുത്ത ചോദ്യം. കുറേപേരെ തെറ്റിധരിപ്പിക്കാന്‍ ചിലര്‍ക്ക് സാധിച്ചത് കൊണ്ടായിരുന്നു അവിടെ സമരം നടന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം മനസിലായതോടെ സ്ഥലം വിട്ടുനല്‍കാന്‍ പ്രദേശവാസികള്‍ തയ്യാറായെന്നായിരുന്നു കോടിയേരിയുടെ മറുപടി. സോഷ്യല്‍ മീഡിയയോട് പാര്‍ട്ടിയുടെ സമീപനമെന്താണെന്നും ചോദ്യമുണ്ടായി. സാമൂഹ്യമാധ്യമങ്ങള്‍ക്ക് ഇന്നത്തെ സമൂഹത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട്.

രാജ്യത്തെ അച്ചടിദൃഷ്യമാധ്യമങ്ങള്‍ ഭൂരിഭാഗവും കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാണ്. അവ ബിജെപിയുടെയോ കോണ്‍ഗ്രസിന്റെയോ കൂടെ നില്‍ക്കുന്നവയാണ്. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നം പുറത്ത് കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.

തെരഞ്ഞെടുപ്പ് ഗോദയില്‍ സൈബര്‍ ഇടങ്ങളുടെ പ്രസക്തി മനസിലാക്കിയാണ് ഇത്തവണ നേരത്തെ തന്നെ സിപിഐഎം പ്രചാരണം തുടങ്ങിയത്. അരമണിക്കൂറിലധികം നേരം ഫെയ്‌സ്ബുക്കില്‍ ലൈവ് തുടര്‍ന്നു.

prp

Related posts

Leave a Reply

*