കൊച്ചിയില്‍ ചുറ്റാം; 100 മണിക്കൂര്‍ സൗജന്യ സൈക്കിള്‍ സവാരിയുമായി മെട്രോസൈക്കിള്‍

കൊച്ചി: മെട്രോ സിറ്റിയിലൂടെ സൗജന്യ സൈക്കിള്‍ സവാരി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ നിങ്ങള്‍? എങ്കില്‍ ‘ആതീസ്’ സൈക്കിള്‍ ക്ലബ്ബില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയേ വേണ്ടൂ. ഒരു മാസം സൗജന്യമായി 100 മണിക്കൂര്‍ സവാരി നടത്താം. എംജി റോഡ് മുതല്‍ ഇടപ്പള്ളിവരെയുള്ള എട്ട് മെട്രോസ്റ്റേഷനുകളില്‍ തിങ്കളാഴ്ച മുതല്‍ സൈക്കിള്‍ പങ്കുവയ്ക്കല്‍ പദ്ധതിയാരംഭിച്ചു. 50 സൈക്കിളുകളാണ് സവാരിക്ക് ഒരുക്കിയിട്ടുള്ളത്.

സ്‌റ്റേഷനുകളിലെത്തി റാക്ക്‌കോഡും ബൈസിക്കിള്‍ ഐഡിയും വാങ്ങി 9645511155 എന്ന നമ്പറിലേക്ക് സന്ദേശം അയക്കണം. ഉടന്‍ സൈക്കിളിന്‍റെ ലോക്ക് തുറക്കാനുള്ള കോഡ് മൊബൈല്‍ നമ്പറിലെത്തും. അതുപയോഗിച്ച്‌ സൈക്കിള്‍ തുറന്ന് ഓടിച്ചു തുടങ്ങാം. സൈക്കിള്‍ തിരിച്ചേല്‍പ്പിക്കാനാണെങ്കില്‍ 9744011777 എന്ന നമ്പറിലേക്ക് വീണ്ടും സന്ദേശം അയക്കണം. ആതീസ് സൈക്കിള്‍ ക്ലബ്ബില്‍ അംഗമാകണമെങ്കില്‍ 964551155 എന്ന നമ്പറിലേക്ക് പേര്, വിലാസം, ഇമെയില്‍ ഐഡി, ജോലി എന്നിവസഹിതം സന്ദേശം അയക്കണം.

ദിവസം 24 മണിക്കൂറാണ് സൈക്കിള്‍ ഉപയോഗിക്കാവുന്ന പരമാവധി സമയപരിധി. സൈക്കിളുമായി മുങ്ങാന്‍ ശ്രമിച്ചാല്‍ അത് തടയാനും മാര്‍ഗമുണ്ട്. 24 മണിക്കൂറിനുശേഷവും സൈക്കിള്‍ തിരികെ വയ്ക്കാത്തവരെ തേടി ക്ലബ് അംഗങ്ങളെത്തും. ഉപയോഗത്തിനിടെ സൈക്കിളിന് കേടുപാട് സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കണം. സൈക്കിള്‍ തിരികെവയ്ക്കാന്‍ മനപ്പൂര്‍വം വൈകിക്കുന്നവരുടെ രജിസ്ട്രേഷന്‍ ഉടനടി റദ്ദാക്കുമെന്ന് ക്ലബ് സ്ഥാപകന്‍ എംഎസ് അതിരൂപ് പറഞ്ഞു.

100 മണിക്കൂര്‍ സൗജന്യയാത്രയ്ക്കുശേഷം സവാരിക്ക് കുറഞ്ഞനിരക്ക് നല്‍കേണ്ടി വരും. മെട്രോ സൈക്കിള്‍ കൂടുതലായി ഉപയോഗിക്കുന്നവര്‍ക്ക് മെട്രോ ടിക്കറ്റിലുള്‍പ്പെടെ ഇളവുകള്‍ നല്‍കാനും കെഎംആര്‍എല്‍ ആലോചിക്കുന്നുണ്ട്.

എംജി റോഡ് മെട്രോ സ്റ്റേഷന്‍റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ബുധനാഴ്ച രാവിലെ കെഎംആര്‍എല്‍ എംഡി എ പി എം മുഹമ്മദ് ഹനീഷ് പദ്ധതി ഉദ്ഘാടനംചെയ്തു. ആതീസ് സൈക്കിള്‍ ക്ലബ് സ്ഥാപകന്‍ എം എസ് അതിരൂപ്, സിപിപിആര്‍ ചെയര്‍മാന്‍ ധനുരാജ് എന്നിവര്‍ പങ്കെടുത്തു. ആതീസ് സൈക്കിള്‍ ക്ലബ് ആക്സിസ് ബാങ്ക് കൊച്ചി വണ്‍ കാര്‍ഡിന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.

prp

Related posts

Leave a Reply

*