കൊച്ചി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 10 കോടിയുടെ കൊക്കെയിന്‍ പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ചൊവ്വാഴ്ച നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ 10 കോടി രൂപ വില വരുന്ന രണ്ട് കിലോ കൊക്കെയിന്‍ പിടികൂടി. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ റിയോ ഡി ജനീറോയില്‍നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ എല്‍ സാവദോര്‍ സ്വദേശി ഡുരന്‍ സോല ജോണി അലക്‌സാണ്ടര്‍ (34) ആണ് കൊക്കെയിന്‍ കടത്തിക്കൊണ്ടുവന്നത്.

മൂന്നു വിമാനത്താവളങ്ങളില്‍ പരിശോധന നടന്നിട്ടും ഇയാളുടെ പക്കലുണ്ടായിരുന്ന മയക്കുമരുന്ന് കണ്ടെത്താനായില്ല. ബ്രസീലില്‍നിന്ന് വിമാനം കയറിയ ഇയാള്‍ ദുബായില്‍ ഇറങ്ങി വിമാനം മാറി കയറുകയായിരുന്നു. കൊച്ചിയില്‍ വന്നിറങ്ങിയപ്പോഴും ഇയാള്‍ പിടിക്കപ്പെട്ടില്ല. തുടര്‍ന്ന് ഇയാള്‍ ആഭ്യന്തര യാത്രക്കാരനായി കൊച്ചിയില്‍നിന്നു ഗോവയിലേക്കു പോകുന്നതിനായി എത്തിയപ്പോഴാണ് വിമാനത്താവളത്തില്‍ പിടിയിലാകുന്നത്.

കുടവയര്‍ തീര്‍ത്തും കാലില്‍ കെട്ടിവച്ചുമാണ് ഇയാള്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. മൂന്നു പാക്കറ്റുകള്‍ വയറില്‍ കെട്ടിവച്ചിരിക്കുകയായിരുന്നു. ഇതിനുമേല്‍ കുടവയര്‍ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന ബെല്‍റ്റും ധരിച്ചു. കൂടാതെ അഞ്ച് ബനിയനുകളും അണിഞ്ഞു. കുടവയറുള്ള ആളാണെന്നേ പ്രത്യക്ഷത്തില്‍ തോന്നൂ. രണ്ട് പാക്കറ്റുകള്‍ കാലുകളില്‍ കെട്ടിവച്ചു. രണ്ട് കാലിന്റെയും മുട്ടിനു താഴെയായാണ് കെട്ടിവച്ചിരുന്നത്. ക്രിക്കറ്റ് കളിക്കാര്‍ അണിയുന്ന ചെറിയ പാഡും കാലില്‍ കെട്ടിയിരുന്നു. ദേഹപരിശോധനയ്ക്കിടെ സംശയം തോന്നിയ സി.ഐ.എസ്.എഫുകാര്‍ ഇയാളുടെ വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിച്ചപ്പോഴാണ് കോടികളുടെ മയക്കുമരുന്ന് കണ്ടെത്തിയത്.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് കൊക്കെയിന്‍ വാങ്ങി മറ്റ് രാജ്യങ്ങളിലേക്ക് പതിവായി എത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നു. ഇയാള്‍ ബ്രസീലിലെ സാവോ പൗലോയില്‍ നിന്നാണ് കൊക്കെയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. അവിടെ വില കുറവായതിനാലാണിത്. ടൂറിസ്റ്റ് വിസയിലാണ് മയക്കുമരുന്നുമായി എത്തുന്നത്.

prp

Related posts

Leave a Reply

*