സ്‌കൂള്‍ബസ് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി; ട്യൂഷന്‍ ടീച്ചര്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: സ്‌കൂള്‍ബസ് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെ മോചനദ്രവ്യം നല്‍കിയിട്ടും കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടികളെ ട്യൂഷന്‍ പഠിപ്പിച്ചിരുന്ന അധ്യാപകന്‍ ഉള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു.

മധ്യപ്രദേശ് ചിത്രകൂടില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് ഉച്ചയ്ക്ക് സ്‌കൂള്‍ബസ് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെയാണ് മോചനദ്രവ്യം നല്‍കിയിട്ടും അക്രമികള്‍ കൊലപ്പെടുത്തിയത്. ഔഷധ എണ്ണ വ്യാപാരിയായ ബ്രിജേഷ് റാവത്തിന്‍റെ മക്കളും യുകെജി വിദ്യാര്‍ഥികളുമായ ശ്രേയന്‍ശ്, പ്രിയന്‍ശ് എന്നിവരാണു ക്രൂരമായി കൊല്ലപ്പെട്ടത്.

ഫെബ്രുവരി 12ന് ഉച്ചയ്ക്കാണ് സ്‌കൂളിനു സമീപത്ത് മുഖംമൂടി ധരിച്ച്‌ ബൈക്കിലെത്തിയ രണ്ടുപേര്‍ സ്‌കൂള്‍ ബസില്‍ നിന്ന് തോക്കുചൂണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോയത്. പിന്നീട് കുട്ടികളുടെ പിതാവ് ബ്രിജേഷിനെ ഫോണില്‍ വിളിച്ച്‌ മോചനദ്രവ്യം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഫെബ്രുവരി 19ന് ആക്രമിസംഘത്തിന് ബ്രിജേഷ് 20 ലക്ഷം രൂപ കൈമാറി. 

എന്നാല്‍ തങ്ങള്‍ക്ക് ഒരു കോടി രൂപ വേണമെന്ന പുതിയ ആവശ്യവുമായി തട്ടിപ്പുസംഘം വീണ്ടും പിതാവിനെ ബന്ധപ്പെടുകയും കുട്ടികളെ വിട്ടുകൊടുക്കാതെ തങ്ങളുടെ തടവില്‍ തന്നെ നിര്‍ത്തുകയും ചെയ്തു. സംഭവം നടന്നത് മധ്യപ്രദേശ്-യുപി അതിര്‍ത്തിയിലായതിനാല്‍ ഇരു സംസ്ഥാനങ്ങളിലെയും പോലീസ് സംയുക്തമായാണ് അന്വേഷണം നടത്തിയത്. ആക്രമികളെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് മധ്യപ്രദേശ് പോലീസ് 50,000 രൂപ പ്രതിഫലം നല്‍കുമെന്ന വാഗ്ദാനവും നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ യമുനാ നദിയില്‍ നിന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ ലഭിക്കുകയും ചെയ്തു. കൈകാലുകള്‍ കൂട്ടിക്കെട്ടിയ ശേഷം കുട്ടികളെ പുഴയില്‍ എറിയുകയായിരുന്നുവെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു.

12 ദിവസത്തിനുശേഷമാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ട് പോയവരെ കുട്ടികള്‍ തിരിച്ചറിഞ്ഞതാകാം കൊലപ്പെടുത്താന്‍ കാരണമെന്നാണ് നിഗമനം.
കൊലപാതകത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ കുട്ടികള്‍ പഠിച്ചിരുന്ന സത്ഗുരു പബ്ലിക് സ്‌കൂളും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളും അടിച്ച്‌ തകര്‍ത്തിരുന്നു. കുട്ടികളുടെ വീട്ടില്‍നിന്നു സ്‌കൂളിലേക്കു നാലു കിലോമീറ്ററേ ഉള്ളുവെങ്കിലും വീട് യുപിയിലും സ്‌കൂള്‍ മധ്യപ്രദേശിലുമാണ്.

സംഭവം ഇരു സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ ഇതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ശക്തമായി. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി സ്ഥാനമൊഴിയണമെന്ന് ബി.ജെ.പിയും യു.പി മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

prp

Related posts

Leave a Reply

*