ഒരുപാട് തോല്‍വികള്‍ കണ്ടാണ് ഇവിടെ വരെ എത്തിയത്, അതുകൊണ്ട് ഇതൊരു വലിയ വിജയമാണ്: ജോജു ജോര്‍ജ്

കൊച്ചി: അവാര്‍ഡിനു പരിഗണിച്ചതുതന്നെ വലിയ അവാര്‍ഡ് ആണെന്ന് മികച്ച സ്വഭാവനടനുളള പുരസ്‌കാരം സ്വന്തമാക്കിയ ജോജു ജോര്‍ജ്. ‘ജീവിതത്തില്‍ സിനിമാ സ്വപ്നവുമായി കടന്നുവന്ന വഴികള്‍ ആലോചിക്കുമ്പോള്‍ ഈ പട്ടികയില്‍ പേരുവന്നത് തന്നെ മഹാഭാഗ്യമായി കാണുകയാണ്. അതിനൊപ്പം ആദ്യമായി നായകനാവുന്ന ചിത്രത്തിനുതന്നെ അവാര്‍ഡ് ലഭിച്ചുവെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു.’അവാര്‍ഡ് നേട്ടത്തില്‍ ജോജു പറഞ്ഞു.

‘ഈ അവാര്‍ഡ് പ്രഖ്യാപനത്തിനു മുമ്പേ ഞാന്‍ സന്തോഷത്തിലായിരുന്നു. മലയാളത്തിലെ വലിയ നടന്മാര്‍ക്കൊപ്പം മത്സരിക്കുന്നു എന്നു പറയുന്നത് എന്നെ സംബന്ധിച്ചടത്തോളം വലിയ അവാര്‍ഡ് ആണ്. കിട്ടിയതെല്ലാം ബോണസ് ആണ്. ഏറെ ഇഷ്ടപ്പെടുന്ന രണ്ട് സിനിമകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ജോസഫും ചോലയും. ജോസഫ് തന്നതിന് പപ്പേട്ടനും ചോല തന്നതിന് സനലേട്ടനും നന്ദി പറയുന്നു. എന്നെ മുന്നോട്ടുകൊണ്ടുപോകുവാന്‍ അവര്‍ ഒരുപാട് സഹായിച്ചു. ഈ പുരസ്‌കാരം അവര്‍ക്ക് സമര്‍പ്പിക്കുന്നു.’

‘എന്നെ അറിയുന്ന ഒരുപാട് സുഹൃത്തുക്കള്‍ക്ക് ഇതൊരു പ്രചോദനമാകുമെന്ന തോന്നുന്നു. കാരണം ഒരുപാട് തോല്‍വികള്‍ കണ്ടാണ് ഇവിടെ വരെ എത്തിയത്. അതുകൊണ്ട് ഇതൊരു വലിയ വിജയമാണ്. ഇത്രയും ക്യാമറകള്‍ എന്റെ മുന്നില്‍ വരുന്നത് തന്നെ ഇതാദ്യമാണ്. അതിലും സന്തോഷം. മികച്ച നടന്മാരായി തിരഞ്ഞെടുത്ത ജയനും സൗബിനും എന്റെ എല്ലാ ആശംസകളും. പിന്നെ നടിയായി തിരഞ്ഞെടുത്ത നിമിഷയ്ക്ക് അവാര്‍ഡ് ലഭിച്ചത് ഞാന്‍ അഭിനയിച്ച ചോല സിനിമയില്‍ നിന്നാണ്.’–ജോജു പറഞ്ഞു.

ജോസഫ് എന്ന ചിത്രം നൂറ് ദിനം പിന്നിടുമ്പോഴാണ് ജോജുവിനെ തേടി അവാര്‍ഡ് എത്തുന്നത്. റിട്ടയേര്‍ഡ് പൊലീസുദ്യോഗസ്ഥനായ ജോസഫിന്‍റെ ജീവിതകഥ പറഞ്ഞ ചിത്രം ഈ അടുത്തിടെ മലയാളത്തില്‍ ഉണ്ടായ സര്‍പ്രൈസ് വിജയങ്ങളിലൊന്നാണ്. മാന്‍ വിത്ത് സ്‌കാര്‍’ എന്നാണ് ടാഗ്‌ലൈനില്‍ ഒരുക്കി സിനിമ വ്യത്യസ്തമായൊരു കുറ്റാന്വേഷണ കഥയാണ് പറഞ്ഞത്. രണ്ട് ഗെറ്റപ്പുകളിലെത്തിയ ജോജുവിന്‍റെ ഗെറ്റപ്പും അഭിനയവും സിനിമയുടെ മുതല്‍ക്കൂട്ടായി. എം. പദ്മകുമാറാണ് സിനിമ സംവിധാനം ചെയ്തത്.



prp

Related posts

Leave a Reply

*