ജസ്‌നയുടെ അവസാന മെസേജ് പോലീസ് കണ്ടെത്തി; അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

കോട്ടയം: ജസ്നയുടെ തിരോധനക്കേസ് അന്തിമ ഘട്ടത്തിലേക്ക്. കേരളത്തിലൊട്ടാകെയും ഇതര സംസ്ഥാനങ്ങളിലും വ്യാപക അന്വേഷണം നടത്തിയിട്ടും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌ന മരിയ ജയിംസിനെ ഒന്‍പതുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.  ഇപ്പോള്‍ ജസ്നയുടെ അവസാനത്തെ മെസേജിന്‍റെ കാരണമാണ് പോലീസ് അന്വേഷിക്കുന്നത്.

കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ വീണ്ടും ഊര്‍ജിതമായ അന്വേഷണം നടക്കുകയാണ്. ജസ്നയെ കാണാതായ മുക്കൂട്ടുതറ ഗ്രാമം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ചില സൂചനകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്ന വിവരം പ്രചരിക്കുന്നുണ്ടെങ്കിലും അത് സ്ഥിരീകരിക്കത്തക്ക വിധമുള്ള കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നാട്ടില്‍നിന്നും ജസ്ന പോയിട്ടില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടു പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ച്‌ 22ന് രാവിലെ 10.40നാണ് പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസ് ജോസഫിന്‍റെ മകള്‍ ജസ്‌നയെ കാണാതാകുന്നത്. അമ്മായിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ജംഗ്ഷനിലിറങ്ങി എരുമേലിക്കുള്ള ബസില്‍ കയറുന്നത് കണ്ടവരുണ്ടെന്ന് പറയപ്പെടുന്നു.

പിന്നീട് ജസ്‌നയെക്കുറിച്ച്‌ ആര്‍ക്കും ഒരറിവുമില്ല. മൊബൈല്‍ ഫോണും ആഭരണങ്ങളും എടുത്തിട്ടില്ല.അതിനിടെ ജസ്‌നയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു. ‘താന്‍ മരിക്കാന്‍ പോവുന്നു എന്നായിരുന്നു’ ജസ്‌ന അയച്ച അവസാന മെസേജ്. മുണ്ടക്കയം സ്വദേശിയായ ഒരു യുവാവിനാണ് ജസ്‌ന ഈ മെസേജ് അയച്ചിരുന്നത്. നേരത്തെ സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തിരുന്ന ഈ യുവാവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും കിട്ടിയില്ല. യുവാവ് ആയിരത്തിലധികം തവണ ജസ്‌നയെ മൊബൈലില്‍ വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

ജസ്‌ന വീട്ടില്‍ നിന്ന് ഓട്ടോയില്‍ കയറിയപ്പോള്‍ മുതല്‍ കാറില്‍ ബന്ധുവായ ഒരാള്‍ പിറകെയുണ്ടായിരുന്നുവെന്ന് മറ്റൊരു ബന്ധു പൊലീസില്‍ മൊഴി നല്കിയിരുന്നു. ആ ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്തു. ഇതിനിടയില്‍ പിതാവിനെതിരെയും ആരോപണമുണ്ടായി. ഇതേത്തുടര്‍ന്ന് പിതാവ് കോണ്‍ട്രാക്‌ട് എടുത്ത് നിര്‍മ്മിക്കുന്ന ഏന്തയാറിലെ ഒരു സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന് നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിക്കുന്ന പൂര്‍ത്തിയാവാത്ത വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.

2017ലാണ് ഈ വീടിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. കക്കൂസിനായി കുത്തിയ കുഴിയിലും സ്വീകരണ മുറിയിലും മണ്ണ് ഇളകി കിടക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ പൊലീസ് മണ്ണുമാന്തി പരിശോധന നടത്തി. എന്നാല്‍, ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

prp

Related posts

Leave a Reply

*