കസ്റ്റഡി കാലാവധി ഇന്ന് തീരും; ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കും

കോട്ടയം: ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കും. പാലാ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്ന് രണ്ടരയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്. അതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് ബിഷപ്പിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്. ഇതിനായുള്ള അപേക്ഷയെ ഫ്രാങ്കോ മുളയ്ക്കല്‍ എതിര്‍ത്താല്‍ അതു മറ്റൊരു സാഹചര്യ തെളിവാക്കാനാണ് പൊലീസിന്‍റെ ആലോചന. കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.സുഭാഷിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബിഷപ്പിനെ കുറവിലങ്ങാട്ടെ നാടുകുന്നു മഠത്തിലെത്തിച്ചു തെളിവെടുത്തു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം വേഗത്തിലാക്കി. ഫാ. ജയിംസ് ഏര്‍ത്തയിലിനെതിരെയാണു കേസുള്ളത്. അന്വേഷണം പുരോഗമിക്കുമ്പോള്‍ ബിഷപ് ഉള്‍പ്പെടെ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കാം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റര്‍ അമലയ്‌ക്കെതിരെയും നടപടിയുണ്ടാകും.

ഫ്രാങ്കോ മുളയ്ക്കലിനെ പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന നാടുകുന്ന് സെന്‍റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെത്തിച്ചു തെളിവെടുത്തു. വന്‍ സുരക്ഷാ സംവിധാനത്തോടെ ഇന്നലെ രാവിലെയാണ് മഠത്തിലെത്തിച്ചത്. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന 20ാം നമ്പര്‍ മുറിയില്‍ മാത്രമായിരുന്നു തെളിവെടുപ്പ്. 50 മിനിറ്റ് നീണ്ട തെളിവെടുപ്പില്‍ മഠത്തില്‍ താമസിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബിഷപ് വ്യക്തമായ മറുപടി നല്‍കിയില്ല. സെന്‍റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെത്തുന്ന അതിഥികള്‍ക്ക് വിശ്രമിക്കാന്‍ ഒരുക്കിയിരിക്കുന്ന മുറിയാണിത്. ഇന്നലത്തെ തെളിവെടുപ്പില്‍ കാര്യമായി ഒന്നും ലഭിച്ചിട്ടില്ല.

prp

Related posts

Leave a Reply

*