ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ സ്വീകരിക്കും

കൊച്ചി: ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. ഹയര്‍ സെക്കണ്ടറി വകുപ്പിന്‍റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18 വരെ അപേക്ഷകള്‍ സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം പ്രവേശനത്തിനായി ഉപയോഗിച്ച പ്രോസ്‌പെക്ടസ്‌ തന്നെയായിരിക്കും ഇത്തവണയും ബാധകമാക്കുക.

എന്നാല്‍, മുഖ്യ അലോട്ട്‌മെന്‍റുകള്‍ രണ്ടെണ്ണം മാത്രമായിരിക്കും. ഇത് പൂര്‍ത്തിയാക്കി ജൂണ്‍ 13ന് ക്ലാസ് തുടങ്ങാനാണ് തീരുമാനം. എന്നാല്‍ കേന്ദ്ര സിലബസുകളില്‍ പത്താം ക്ലാസ് പരീക്ഷാ ഫലം എന്നു വരുമെന്നു വ്യക്തതയില്ലാത്തതിനാല്‍ പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കോടതിയിലെത്തിയേക്കാം. അങ്ങനെ വരുന്ന പക്ഷം അവസാന തിയതി നീട്ടിയേക്കും.

ഹൈക്കോടതി, ബാലാവകാശ കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍ എന്നിവയുടെ വിധികളുടെ അടിസ്ഥാനത്തില്‍ പ്രവേശന നടപടികളില്‍ ഭേദഗതി വരുത്താന്‍ ഹയര്‍ സെക്കണ്ടറി വകുപ്പ് സര്‍ക്കാരിന്‍റെ അനുമതി തേടിയെങ്കിലും തീരുമാനമുണ്ടായില്ല. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി സീറ്റുകളിലും ഏകജാലകം ബാധകമാക്കുന്നതായിരുന്നു പ്രധാന ഭേദഗതി. പത്താം ക്ലാസ് പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് മുന്‍ഗണന ലഭിക്കുന്നത് ഒഴിവാക്കാനുള്ള നിര്‍ദേശവുമുണ്ടായിരുന്നു.

അപേക്ഷകള്‍ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സംസ്ഥാന ഐ.ടി മിഷന്‍റെ സഹകരണത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് ഹയര്‍ സെക്കണ്ടറി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വലിയ ശേഷിയുള്ള നാല് ക്ലൗഡ് സെര്‍വറുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരേ സമയം ആയിരക്കണക്കിന് അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.

prp

Related posts

Leave a Reply

*